പുരസ്കാര പ്രഖ്യാപനത്തിനിടയിലും ചർച്ചയായി വിനായകന്‍റെ 'ഉമ്മൻ ചാണ്ടി അധിക്ഷേപം', പ്രതികരിച്ച് മന്ത്രി

പുരസ്കാര പ്രഖ്യാപനത്തിനിടയിലും ചർച്ചയായി വിനായകന്‍റെ 'ഉമ്മൻ ചാണ്ടി അധിക്ഷേപം', പ്രതികരിച്ച് മന്ത്രി


തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും ചർച്ചയായി വിനായകന്‍റെ 'ഉമ്മൻ ചാണ്ടി അധിക്ഷേപം'. പുരസ്കാര പ്രഖ്യാപനം നടത്തിയ സാംസ്കാരിക മന്ത്രിയോട് മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിലെ നിലപാട് എന്താണെന്ന് ചോദിക്കുകയായിരുന്നു. വിനായകന്‍റെ പരാമർശത്തോട് യോജിപ്പില്ലെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ മറുപടി. ഇത്തരം പരാമർശങ്ങളുടെയൊന്നും പുറകെ പോകേണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലടക്കം വിനായകന്‍റെ അധിക്ഷേപ പരാമർശത്തോട് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് 53 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിഷയം ചോദ്യമായത്.


അതേസമയം വിനായകനെതിരെ കേസ് വേണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഇന്ന് അഭിപ്രായപ്പെട്ടത്. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ലെന്നും, എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. 'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.'- ചാണ്ടി ഉമ്മൻ പറഞ്ഞത് ഇങ്ങനെയാണ്.

അതേസമയം വിനായകയെനതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ശക്തമാവുകയാണ്. നടൻ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം ആണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു. ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ? താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കണമെന്നും അതാണ് ആണത്തമെന്നും ഷിബു പറഞ്ഞു. ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപും രംഗത്തെത്തിയിരുന്നു. നടന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവും ആണെന്ന് നിരഞ്ജന പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.