കനത്ത മഴ - തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം

കനത്ത മഴ -  തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം


ഇരിട്ടി: കനത്ത മഴയിൽ  തില്ലങ്കേരിയിലും പായത്തും വീടിന് സമീപത്തെ കൂറ്റൻ പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം. തില്ലങ്കേരിയിൽ വാഴക്കാൽ സ്വദേശി എ. എൻ. സുരേഷിന്റെ വിറകു പുരയിലേക്കാണ് കല്ല് പതിച്ചത്.  പായത്ത്  കോണ്ടമ്പ്രയിലെ പെരൂടി സുധീഷിന്റെ വീടിന് മുകളിലേക്കാണ് കൂറ്റൻ പാറക്കൽ ഇടിഞ്ഞു വീണത്. 
 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വാഴയ്ക്കാലിലെ  എൻ. എൻ.  സുരേഷിന്റെ വീടിനോട് ചേർന്നുള്ള വിറക് പുരയിലേക്ക് വീടിനു സമീപത്തുനിന്നും കൂറ്റൻ പാറ ഇളകി വീണത്. വിറകുപുര തകർത്ത കല്ല്  സമീപത്തെ വീടിന്റെ സൺഷേഡിൽ തട്ടിയാണ്   നിന്നത്. വീടിന്റെ ചുമരിനും വിള്ളൽ വീണിട്ടുണ്ട്. 
ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ്  പായം കോണ്ടമ്പ്രയിലെ പെരൂടി സുധീഷിന്റെ വീടിന് മുകളിലേക്ക്  കൂറ്റൻ പാറക്കൽ ഇടിഞ്ഞു വീണത്. വീടിൻ്റെ സമീപത്തെ കുന്നിൽ നിന്നാണ് കല്ല് ഇടിഞ്ഞു വീണത്. വീഴ്ചയുടെ ആഘാതത്തിൽ  വീടിൻ്റെ അടുക്കള ഭാഗത്തെ ചുമരിന് വിള്ളൽ വീണു.