കമ്പിവേലി നിര്‍മിച്ചുനല്‍കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ അവഹേളിച്ചു,തൊപ്പി വീണ്ടും അറസ്റ്റില്‍

കമ്പിവേലി നിര്‍മിച്ചുനല്‍കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ അവഹേളിച്ചു,തൊപ്പി വീണ്ടും അറസ്റ്റില്‍

ശ്രീകണ്ഠപുരം: യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റില്‍. ശ്രീകണ്ഠപുരം പൊലീസ് ആണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.


കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ സജി സേവ്യര്‍ തന്റെ ഫോണ്‍ നമ്പര്‍ സഹിതം കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് കമ്പിവേലി നിര്‍മിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് സജി സേവ്യറിന്റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് വളരെ മോശമായി അശ്ലീലസംഭാഷണം നടത്തി അതിന്റെ വീഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. ഇതോടെ സജി സേവ്യറിന്റെ ജീവിതമാര്‍ഗം തന്നെ അവതാളത്തിലായി.

തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് സജി സേവ്യര്‍ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്.