വിഷക്കായ കഴിച്ചു, ആദ്യം ആരെയും അറിയിച്ചില്ല; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

വിഷക്കായ കഴിച്ചു, ആദ്യം ആരെയും അറിയിച്ചില്ല; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ  നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. 

അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആയാപറമ്പ് എൻ. എസ്. എസ് എച്ച്. എസ്. എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീണ. പ്രവീണ ആണ് സഹോദരി.

അതിനിടെ വയനാട്ടിൽ പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചലില്‍ കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് സമീപം ചീക്കോടന്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകനായ ആഷിക്(26) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് വഞ്ചി മറിഞ്ഞ് ആഷിക്കിനെ കാണാതായത്. 

അപകടത്തില്‍ ആഷിക്കിനെ കൂടാതെ രണ്ട് യുവാക്കള്‍ കൂടി അകപ്പെട്ടിരുന്നു. ഇവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നെടുപുഴ സ്വദേശി നിരജ് കൃഷ്ണ, പാലക്കല്‍ ആഷിക് ബാബു എന്നിവരാണ് രക്ഷപ്പെട്ടത്. ആഷിക്കിനെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആദ്യദിനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഷിക്കിന് നീന്തല്‍ അറിയാതിരുന്നതാണ് മരണത്തിന് ഇടയാക്കിയത്.