താന്‍ മാനേജരായ സ്‌കൂളില്‍ ഹോംവര്‍ക്ക് നിര്‍ത്തലാക്കും ; കുട്ടികള്‍ കളിച്ചും അപ്പനമ്മമാരെ കെട്ടിപ്പിടിച്ചും വളരട്ടെയെന്ന് ഗണേഷ്‌കുമാര്‍




താന്‍ മാനേജരായ സ്‌കൂളില്‍ ഹോംവര്‍ക്ക് നിര്‍ത്തലാക്കും ; കുട്ടികള്‍ കളിച്ചും അപ്പനമ്മമാരെ കെട്ടിപ്പിടിച്ചും വളരട്ടെയെന്ന് ഗണേഷ്‌കുമാര്‍


കൊല്ലം: വലുതാകുമ്പോള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാതിരിക്കാന്‍ ഭാവിയില്‍ മൂല്യമുള്ള മക്കളെ സൃഷ്ടിക്കുന്നതിന് സ്‌കൂളില്‍ നിന്നുള്ള ഹോം വര്‍ക്കുകള്‍ നിര്‍ത്തുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. താന്‍ മാനേജരായ സ്‌കൂളില്‍ ഈ പരിഷ്‌ക്കാരം വരുത്തിയതായും വ്യക്തമാക്കി. ഇത്തരത്തിലുള്ള പുതിയൊരു വിദ്യാഭ്യാസ പരിഷ്‌ക്കരണം താന്‍ തന്റെ സ്‌കൂളില്‍ നിന്നും ആരംഭിക്കുകയാണെന്നും പറഞ്ഞു.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു പ്രഖ്യാപനം. തന്റെ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ്സ് വരെ ഇനി ഹോം വര്‍ക്കുകള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് വീട്ടില്‍ ചെന്ന് കളിക്കാനും മാതാപിതാക്കളുടെ നെഞ്ചില്‍ കിടന്നുറങ്ങാനും അവസരം കിട്ടണമെന്നും പറഞ്ഞു. കുഞ്ഞുങ്ങള്‍ ആ പ്രായത്തില്‍ മാതാപിതാക്കളെ കെട്ടിപ്പിടിക്കണം. മാതാപിതാക്കളുടെ വാത്സല്യം നുകരാന്‍ കഴിയാത്ത ബാല്യങ്ങളാണ് അവരെ വലുതാകുമ്പോള്‍ വൃദ്ധസദനത്തില്‍ തള്ളുന്നതെന്നും പറഞ്ഞു.

ഇതിനൊപ്പം കുട്ടികള്‍ക്ക് പാഠപുസ്തകം വീട്ടില്‍ കൊടുത്തുവിടുന്ന പരിപാടിയും അവസാനിപ്പിക്കും. ഒരു സ്‌കൂള്‍വര്‍ഷം അദ്ധ്യാപകര്‍ക്ക് 1000 മണിക്കൂര്‍ പഠിപ്പിക്കാന്‍ കിട്ടും. ഈ സമയത്ത് കണക്കും മറ്റും പഠിപ്പിക്കുകയും അതിന്റെ വര്‍ക്ക് ചെയ്യിക്കുകയും വേണം. ബാക്കിസമയം കുട്ടികള്‍ കളിച്ചും ചിരിച്ചും മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചും അവരുടെ വാത്സല്യം നുകര്‍ന്നു വളരുകയും ചെയ്യണം.

വിദ്യാഭ്യാസം മൂല്യവത്താകണം. ഇത്തരം പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവും മറ്റും സ്‌കൂളുകള്‍ പറയും. അതുകൊണ്ടാണ് താന്‍ മാനേജരായ സ്‌കൂളില്‍ തന്നെ ഇക്കാര്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിംഗില്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയില്‍ അത് അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്കും വ്യാപിപ്പിക്കുമെന്നും പറഞ്ഞു.