പണമില്ല; ഓണം അഡ്വാൻ‌സ് ഒഴിവാക്കാൻ ശുപാർശ

പണമില്ല; ഓണം അഡ്വാൻ‌സ് ഒഴിവാക്കാൻ ശുപാർശ

ഓണച്ചെലവിനു വേണ്ടത് 8000 കോടി; കേന്ദ്രത്തിൽനിന്ന് മറുപടിയില്ല

തിരുവനന്തപുരം ∙ ഗുരുതര സാമ്പത്തികപ്രതിസന്ധി മൂലം ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണം അ‍ഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നു. പൊതുവിപണിയിൽനിന്ന് ഉടൻ കടമെടുക്കാൻ 2890 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. ഏകദേശം 8000 കോടിയാണ് ഓണച്ചെലവുകൾക്കു വേണ്ടിവരിക. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ എന്നിവ നൽകാതിരിക്കാൻ കഴിയില്ല. ജീവനക്കാർ 5 തവണകളായി തിരിച്ചടയ്ക്കേണ്ട തുകയായതിനാൽ ഓണം അഡ്വാൻസ് ഒഴിവാക്കാവുന്നതാണെന്ന ശുപാർശ ഉന്നത ഉദ്യോഗസ്ഥർ ധനമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ബെംഗളൂരുവിലുള്ള മന്ത്രി തിങ്കളാഴ്ച തിരിച്ചെത്തിയശേഷം യോഗം വിളിച്ച് അന്തിമതീരുമാനമെടുക്കും. കഴിഞ്ഞവർഷം ബോണസായി 4000 രൂപയും ബോണസിന് അർഹതയില്ലാത്തവർക്കു പ്രത്യേക ഉത്സവബത്തയായി 2750 രൂപയും അഡ്വാൻസായി 20,000 രൂപയും നൽകിയിരുന്ന 20,521 കോടി രൂപയാണ് ഇക്കൊല്ലം പൊതുവിപണിയിൽനിന്നു സർക്കാരിനു കടമെടുക്കാവുന്നത്.

ഡിസംബർ വരെ എടുക്കാവുന്ന 15,390 കോടിയിൽ 11,500 കോടിയും കടമെടുത്തു കഴിഞ്ഞു. 1000 കോടി കൂടി ചൊവ്വാഴ്ച കടമെടുക്കും. ബാക്കി 2890 കോടി കൊണ്ട് ഓണച്ചെലവുകളും അതു കഴിഞ്ഞുള്ള ചെലവുകളും എങ്ങനെ നിറവേറ്റുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്. ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ 5 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.

ഓണച്ചെലവ്

ശമ്പളം: 3400 കോടി

പെൻഷൻ: 2100 കോടി

ക്ഷേമ പെൻഷൻ (2 മാസം): 1700 കോടി

ബോണസ്, ഉത്സവബത്ത, അഡ്വാൻസ്:  600 കോടി

കെഎസ്ആർടിസി: 70 കോടി

ആകെ: 7870 കോടി