ടെറസിന് മുകളിൽ ആരോരുമറിയാതെ മൺകലത്തിൽ കഞ്ചാവ് ചെടി വളർത്തി; രണ്ടാം മാസം പിടിയിലായി

കൊല്ലം: വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19കാരൻ പിടിയിൽ. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ ടെറസിന് മുകളിൽ മൺകലത്തിലാണ് യുവാവ് കഞ്ചാവ് നട്ടുവളർത്തിയത്. രണ്ട് മാസത്തോളം വളർച്ചയെത്തിയതായിരുന്നു ചെടി. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് എക്സൈസ് സംഘത്തോട് പറഞ്ഞത്. മൺകലത്തിൽ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികൾ ഇട്ട് ചെടികൾ വളർത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.