അടുക്കിവെച്ചിരുന്ന കൂറ്റന്‍ ഗ്‌ളാസ് പാളികള്‍ മറിഞ്ഞു വീണു ; അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം



അടുക്കിവെച്ചിരുന്ന കൂറ്റന്‍ ഗ്‌ളാസ് പാളികള്‍ മറിഞ്ഞു വീണു ; അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം


കൊച്ചി: ഗ്‌ളാസ് ഫാക്ടറിയില്‍ ഗ്‌ളാസ് പാളികള്‍ ദേഹത്തേയ്ക്ക് വീണ് അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്‌ളാസ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ എന്ന 20 കാരനാണ് മരണം സംഭവിച്ചത്.

സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ മെഷീനില്‍ നിന്നും ട്രോളി സ്റ്റാന്റിലേക്ക് ഇറക്കിവെച്ച് അടുക്കിവെച്ചിരുന്ന ഏഴിലധികം കൂറ്റന്‍ ഗ്‌ളാസ് പാളികള്‍ ഇയാളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കനത്ത ഗ്‌ളാസ് പതിച്ചും ചില്ലുകള്‍ കുത്തിക്കയറിയുമായിരുന്നു മരണം. പുലര്‍ച്ചെ 2.45 ഓടെ ഉണ്ടായ സംഭവത്തില്‍ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.

ട്രോളി സ്റ്റാന്റിന്റെ അടിഭാഗം ഒടിഞ്ഞതാണ് ഗ്‌ളാസ് പാളികള്‍ മറിയാന്‍ ഇടയായത്. ഈ സമയത്ത് മറ്റു തൊഴിലാളികള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. 12 മില്ലിമീറ്റര്‍ കനം വരുന്ന 11 അടി നീളവും ആറടി വീതിയുമുള്ള ഗ്‌ളാസ് പാളികളായിരുന്നു മറിഞ്ഞു വീണത്.