വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് അവസരമൊരുക്കുന്നു

വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് അവസരമൊരുക്കുന്നു


ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും വഴിയൊരുങ്ങി. കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും കരിയർ ഗൈഡൻസ് ആൻറ് പ്ളേസ്മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ' ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളും തൊഴിലുകളും ' എന്ന പരിപാടിയിൽ വെച്ച് കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപയും അമേരിക്കയിലെ ടെക്‌സാസിലുള്ള ബ്രിഡ്ജ് 360 എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. ടി.പി. സേതുമാധവനും ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ  ഒപ്പുവെച്ചു. 
ഓരോ വർഷവും വിവിധ പ്രോഗ്രാമുകളിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. ഡോ . ടി.പി സേതുമാധവൻ വിദ്യാർത്ഥികൾക്ക് ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ചടങ്ങിൽ മുഖ്യ ഭാഷണം നടത്തി. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പറും കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കൺവീനറുമായ പ്രമോദ് വെള്ളച്ചാൽ സ്വാഗതവും കരിയർ ഗൈഡൻസ് ആൻറ് പ്ളേസ്മെന്റ് സെൽ കൺവീനർ സെബിൻ ജോർജ്ജ് നന്ദിയും പറഞ്ഞു.