ആമസോണിൽ മൊബൈൽ ഫോൺ ബുക്ക് ചെയ്ത കേളകം സ്വദേശിയായ യുവതിക്ക് ലഭിച്ചത് മരക്കഷ്ണം

ആമസോണിൽ മൊബൈൽ ഫോൺ ബുക്ക് ചെയ്ത കേളകം സ്വദേശിയായ യുവതിക്ക് ലഭിച്ചത് മരക്കഷ്ണം 

 

കണ്ണൂർ: ആമസോണിൽ  ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. കണ്ണൂർ മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പൊലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണിൽ ഓർഡർ ചെയ്തത് . എന്നാൽ കിട്ടിയത് ഫോൺ ആകൃതിയിൽ വെട്ടിയെടുത്ത മരക്കഷ്ണമാണ്.

ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ ഫോൺ ബുക്ക് ചെയ്തത്. ഇരുപതാം തീയതി ഓർഡർ ചെയ്ത ഫോൺ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഏജൻസിയാണ് ആമസോൺ കവറെത്തിച്ചത്. ക്യാഷ് ഓൺ ഡെലിവറി ആയതിനാൽ  കൊറിയറുമായി വന്നയാൾക്ക് 7299 രൂപയും നൽകി. കവർ തുറന്നു നോക്കിയപ്പോഴാണ് ഫോണിന്‍റെ പെട്ടിയിൽ മരക്കഷ്ണം കണ്ടത്. കവർ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ജോസ്മി പറയുന്നു.

പറ്റിക്കപ്പെട്ടന്ന് മനസിലായ ഉടനെ തന്നെ കൊറിയറുമായി വന്നയാളെ സംഭവം വിളിച്ചറിയിച്ചു. മൂന്ന് ദിവസത്തിനുളളിൽ റിട്ടേൺ എടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് കസ്റ്റമർ കെയറിലും പരാതിപ്പെട്ടു.  പണം തിരിച്ചുതരാമെന്ന് മറുപടി വന്നു. എന്നാൽ ഫോൺ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഇതോടെയാണ് പരാതിയുമായി ജോസ്മി പൊലീസ് സ്റ്റേഷനിലെത്തിയത്.  പല ഏജൻസികൾ വഴിയാണ് കൊറിയർ യുവതിയുടെ വീട്ടിലെത്തിയത്. ഇതിനിടയിൽ പെട്ടി തുറന്ന് മൊബൈൽ മാറ്റി മരക്കഷ്ണം വച്ചതെന്നാണ് നിഗമനം