
കൊളംബോ: ഏഷ്യാ കപ്പിലെ കലാശപ്പോരില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആഞ്ഞടിച്ച ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി.
ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കം. 12 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടമായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ മുന്‍നിരയ്ക്ക് ഭീഷണി സൃഷ്ടിച്ചത്. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4), ദാസുന്‍ ഷനക(0) എന്നിവരെയാണ്സിറാജ് പുറത്താക്കിയത്.
മഴമൂലം വൈകിയാണ് കളിയാരംഭിച്ചത്. ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു.
ഇന്ത്യ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.