നിപാ: പുതിയ പോസിറ്റീവ് കേസുകളില്ല; മന്ത്രി വീണാ ജോർജ്


നിപായിൽ പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 218 സാമ്പിളുകളാണ് പരിശോധിച്ചതെന്നും 1270 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അവലോകനയോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്ന് 37 കോൺടാക്ടുകൾ കൂടി കണ്ടെത്തിയെന്നും ഇവ ലോ റിസ്ക് കാറ്റ​ഗറിയിലുള്ളവയാണെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ ആദ്യവ്യക്തിയുടെ റൂട്ട് മാപ് തയാറാക്കിയെന്നും മന്ത്രി പറഞ്ഞു.

മൃ​ഗസംരക്ഷണം, തുറമുഖം, വനംവകുപ്പ് മന്ത്രിമാർ ഇന്ന് യോ​ഗത്തിൽ പങ്കെടുത്തിരുന്നു. വെറ്റിനറി സർവകലാശാല വിദ​ഗ്ധർ കേന്ദ്രസംഘത്തോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. വിവിധ സ്ഥലങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരന്തരമായ കമ്മ്യൂണിറ്റി സർവൈലൻസ് നടത്തുന്നതിന് തീരുമാനിച്ചു. ചികിത്സയിലുള്ളവരുടെ നിലയിൽ പ്രശ്നമില്ല. 13ാം തിയതി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ഇടങ്ങളിൽ ഇളവ് നൽകുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്നും വിദ​ഗ്ധ സമിതിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോ​ഗ്യവകുപ്പിന്റെ വിവിധ ടീമുകൾ 47605 വീടുകൾ സന്ദർശിച്ചതായും മന്ത്രി അറിയിച്ചു