കൊട്ടിയൂരിൽ വയോധികയെ അക്രമിച്ച് മാല കവര്‍ന്നയാൾ അറസ്റ്റില്‍

കൊട്ടിയൂരിൽ വയോധികയെ അക്രമിച്ച് മാല കവര്‍ന്നയാൾ  അറസ്റ്റില്‍


കേളകം : കണ്ടപ്പുനത്ത് വയോധികയെ അക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി കണ്ടപ്പുനത്തെ കണ്ണികുളത്തിന്‍ രാജു (55) അറസ്റ്റിൽ. അക്രമണത്തില്‍ പരിക്കേറ്റ വിജയമ്മയുടെ ബന്ധുവും അയല്‍വാസിയുമാണ് ഇയാള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ രാജു വിജയമ്മയുടെ മാല കവരുകയായിരുന്നു. വിജയമ്മ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്നാണ് എതിര്‍ക്കാന്‍ ശ്രമിച്ച വിജയമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മാല കവർന്നത്.

തലയ്ക്കും കൈയ്ക്കും  പരിക്കേറ്റ വിജയമ്മയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
വിജയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പേരാവൂര്‍ ഡി.വൈ.എസ്.പി. എ.വി. ജോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.