ഉത്തർപ്രദേശിൽ ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; കരച്ചിൽ കേട്ടെത്തിയ കർഷക ദമ്പതികൾ രക്ഷകരായി

ഉത്തർപ്രദേശിൽ ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; കരച്ചിൽ കേട്ടെത്തിയ കർഷക ദമ്പതികൾ രക്ഷകരായി


ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കരച്ചിൽ കേട്ടെത്തിയ കർഷക ദമ്പതികൾ കുഞ്ഞിന് രക്ഷകരായി. വെള്ളിയാഴ്ച രാത്രി വൈകി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദെഹാത്ത് ജില്ലയില്‍ പുലന്ദര്‍ ഗ്രാമത്തിലാണ് ജനിച്ച് അധികം ദിവസം അകാത്ത ആണ്‍കുഞ്ഞിനെ കുഴിച്ചമൂടിയ നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കര്‍ഷക ദമ്പതികളായ രാജേഷും നീലവും കുഞ്ഞിന്‍റെ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നത്.


കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഇരുവരും സമീപത്ത് തിരയുകയായിരുന്നു. ശബ്ദം കേട്ട സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന്‍റെ കൈ പുറത്തേക്ക് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ തന്നെ ഇരുവരും മണ്ണ് നീക്കം ചെയ്തു. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ലെന്നും കുഞ്ഞില്‍ ജീവന്‍റെ തുടിപ്പുണ്ടെന്നും മനസിലാക്കി ഇരുവരും ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ചുവരുകയാണ്.


സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്‍റെ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ജീവനോടെ കുഴിച്ചുമൂടിയതിനാല്‍ കുഞ്ഞിന് ശ്വാസ തടസം നേരിടുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചാലെ ബാക്കി വിശദാംശങ്ങള്‍ ലഭ്യമാക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിനെ കണ്ടെത്താന്‍ അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നില്ലെന്നും ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് നിര്‍ണായകമായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.