ട്രക്കിങ് നടത്തവെ മുന്നിൽ കാട്ടാന; വയനാട്ടില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു, സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു

ട്രക്കിങ് നടത്തവെ മുന്നിൽ കാട്ടാന; വയനാട്ടില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു, സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു


കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാട്ടാന ആക്രമണം. 

പതിവുപോലെ രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുകയായിരുന്നു. അതിനിടയിലാണ് കാട്ടാന എത്തിയത്. ഇതോടെ വിനോദ സഞ്ചാരികൾ ചിതറിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടായത്. 

സഞ്ചാരികള്‍ ഓടിരക്ഷപ്പെട്ട് മറ്റു വനപാലകരെ അറിയിച്ചു. പിന്നീട് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തി. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം - കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളിൽ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. 

വീടിന് നേരെ കാട്ടാന ആക്രമണം

തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു. ഓണമാഘോഷിക്കാന്‍ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്. 

പ്രദേശത്തെ ലയങ്ങള്‍ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ പത്തില്‍ പരം കാട്ടാനകള്‍ സ്ഥിരം തമ്പടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയും പകലും ആനകള്‍ ഒറ്റയ്ക്കും കൂട്ടമായും ലയത്തിനടുത്ത് വരുന്നത് പതിവാണ്. ഭീതിയോടെയാണ് തൊഴിലാളികളും കുടുംബങ്ങളും ഇവിടെ കഴിച്ചുകൂട്ടുന്നത്. ആനയെ ഭയന്ന് പകല്‍ സമയങ്ങളില്‍ പോലും കുട്ടികളെ പുറത്തു വിടാറില്ല. ആനശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.