ഐ.സി.യു പീഡനക്കേസിൽ ഹെഡ് നഴ്‌സിന്റെ മൊഴി പുറത്ത്

ഐ.സി.യു പീഡനക്കേസിൽ ഹെഡ് നഴ്‌സിന്റെ മൊഴി പുറത്ത്

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ ഹെഡ് നഴ്‌സിന്റെ മൊഴി പുറത്ത്. ഹെഡ് നഴ്‌സ് പി.ബി അനിത പൊലീസിന് നൽകിയ മൊഴിയാണ് പുറത്തായത്. ഐ.സി.യുവിൽ ലൈംഗിക പീഡനം നടന്നെന്ന് അതിജീവിത തന്നോട് പറഞ്ഞതായി മൊഴിയിലുണ്ട്.

പി.ബി അനിത നേരത്തെ തന്നെ അതിജീ വിതക്കൊപ്പം നിൽക്കുന്നയാളാണ്. മാർച്ച് 18നാണ് ഐ.സി.യുവിൽ വെച്ച് പീഡനം നടക്കുന്നത്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം മാർച്ച് 20ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോയാണ് തന്നോട് ഇക്കാര്യങ്ങൾ അതിജീവിത പറയുന്നത്. മാർച്ച് 18ന് അന്റഡറായ ശശീന്ദ്രൻ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നോട് പറഞ്ഞുവെന്ന കാര്യമാണ് മൊഴിയിൽ വ്യക്തമാക്കുന്നത്. മൊഴിയുടെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇപ്പോഴാണ് പുറത്തു വരുന്നത്.

നേരത്തെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വൈദ്യ പരിശോധന നടത്തിയ ഡോ കെ.വി പ്രീതി തന്റെ മൊഴി തെറ്റായ രീതിയി രേഖപ്പെടുത്തിയെന്ന് അതിജീവിത പറഞ്ഞിരുന്നു. അന്ന് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് അതിജീവിതയുടെ കൂടെയുണ്ടായിരുന്ന നഴ്‌സ് കൂടിയാണ് പി.ബി അനിത. ഇപ്പോൾ അനിതയുടെ മൊഴി പുറത്തു വരുമ്പോൾ ഡോ പ്രീതി തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന അതിജീവിതയുടെ വാദം കൂടുതൽ ബലപ്പെടുക കൂടിയാണ് ചെയ്യുന്നത്