ദീർഘദൂര സര്‍വ്വീസില്‍ 'ചൈല്‍ഡ് ഫ്രീ സോണു'മായി വിമാനക്കമ്പനി, തമ്മിലടിച്ച് നെറ്റിസണ്‍സ്

ദീർഘദൂര സര്‍വ്വീസില്‍ 'ചൈല്‍ഡ് ഫ്രീ സോണു'മായി വിമാനക്കമ്പനി, തമ്മിലടിച്ച് നെറ്റിസണ്‍സ്


കുട്ടികളുമായി വിമാനയാത്ര നടത്തേണ്ടി വരുന്നവര്‍ക്കായി സുപ്രധാന മാറ്റവുമായി വിമാനക്കമ്പനി. കോറന്‍ഡോണ്‍ എന്ന യൂറോപ്യന്‍ വിമാനക്കമ്പനിയാണ് കുട്ടികളുമായി സഞ്ചരിക്കുന്നവര്‍ക്കായി പ്രത്യേക ക്യാബിന്‍ സംവിധാനമൊരുക്കാന്‍ ഒരുങ്ങുന്നത്. വിമാന യാത്രയ്ക്കിടെ കുട്ടികളുടെ കരച്ചിലും ബഹളവും കുസൃതിയും സഹയാത്രികരുമായി ഉരസലുകള്‍ ഉണ്ടാവാന്‍ കാരണമാകുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കോറന്‍ഡോണിന്റെ തീരുമാനം. നവംബര്‍ മുതല്‍ പ്രത്യേക ക്യാബിന്‍ സംവിധാനം ലഭ്യമാക്കുമെന്നാണ് വിമാനക്കമ്പനി വിശദമാക്കിയിരിക്കുന്നത്.

ചെറിയ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത 16 വയസിന് മുകളിലുള്ളവര്‍ക്ക് ഒണ്‍ലി അഡല്‍റ്റ് സോണ്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാവും ഈ സംവിധാനം. യൂറോപ്പില്‍ ഇത്തരം സൌകര്യം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് കോറന്‍ഡോണ്‍. ആംസ്റ്റര്‍ ഡാമിനും കരീബിയന്‍ ദ്വീപായ കുറാകോയിലേക്കുള്ള വിമാന സര്‍വ്വീസിലാണ് നിലവില്‍ ഈ സൌകര്യം ലഭ്യമാവുക. വിമാനത്തിന്റെ മുന്‍ ഭാഗത്തായിരിക്കും ചൈല്‍ഡ് ഫ്രീ മേഖല ഉണ്ടാവുക. 93 സീറ്റുകളാണ് 16 വയസിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കായി പ്രത്യേകം കരുതുന്നത്. ഈ മേഖല പ്രത്യേക കര്‍ട്ടനും ചെറിയ ചുവരും ഉപയോഗിച്ച് മറ്റ് മേഖലയില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യും. ഈ മേഖലയില്‍ സീറ്റ് ലഭിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നുണ്ട്.

കൂടുതല്‍ സമാധാനം ആഗ്രഹിക്കുന്ന യാത്രക്കാരെയാണ് ഈ സംവിധാനം കൊണ്ട് തൃപ്തിപ്പെടുത്തുകയെന്നാണ് വിമാനക്കമ്പനി സ്ഥാപകന്‍ വിശദമാക്കിയത്. കുട്ടികളുമായി സഞ്ചരിക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസകരമാകും തീരുമാനമെന്നാണ് കോറന്‍ഡോണ്‍ സ്ഥാപകന്‍ അറ്റിലേ ഉസ്ലു വിശദമാക്കുന്നത്. സഹയാത്രികര്‍ക്ക് കുട്ടികള്‍ ശല്യമാകുമെന്ന ആശങ്കയില്ലാതെ അവര്‍ക്കും സഞ്ചരിക്കാനാവുമെന്നും അറ്റിലേ പറയുന്നു. കരീബിയന്‍ ദ്വീപില്‍ അടക്കം നിരവധി വിനോദ സഞ്ചാര സ്ഥലങ്ങളില്‍ നിലവില്‍ ചൈല്‍ഡ് ഫ്രീ ഹോട്ടല്‍ സംവിധാനം നല്‍കുന്നുണ്ട് കോറന്‍ഡോണ്‍. എന്നാല്‍ വിമാനക്കമ്പനിയുടെ നീക്കത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയില്‍ മുഴുവന്‍ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന് തൊട്ട് അടുത്ത സീറ്റിലിരിക്കേണ്ടി വന്ന ദുരനുഭവമുള്ളതിനാല്‍ വിമാന കമ്പനിയുടെ തീരുമാനം മികച്ചതാണെന്ന അഭിപ്രായമെന്നാണ് ചിലര്‍ കുറിക്കുന്നത്.

എന്നാല്‍ വിചിത്രമായ തീരുമാനമെന്നാണ് നീക്കത്തെ മറ്റ് ചിലര്‍ നിരീക്ഷിക്കുന്നത്. കുട്ടികളോട് അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലെന്നും മറ്റ് ചിലര്‍ പ്രതികരിക്കുന്നത്. എയര്‍ ഏഷ്യ എക്സിന്‍റെ എ 330 വിമാനത്തില്‍ നിലവില്‍ ക്വയറ്റ് സോണ്‍ എന്ന സൌകര്യം ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂര്‍ അടിസ്ഥാനായി പ്രവര്‍ത്തിക്കുന്ന സ്കൂട്ട് എന്ന വിമാനത്തിലും സ്കൂട്ട് സൈലന്‍സ് ക്യാബിനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവ രണ്ടിലും 12 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാകും ഈ മേഖലയിലെ സീറ്റുകള്‍ ലഭ്യമാവുക.