ഉത്രവധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം

ഉത്രവധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം


കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം ലഭിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധന പീഡനക്കേസിലാണ് സൂരജിന് ജാമ്യം ലഭിച്ചത്. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ആശ മറിയം മാത്യൂസാണ് സൂരജിന് ജാമ്യം അനുവദിച്ചത്.

അതേസമയം കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള സൂരജ് പൂജപ്പുര സെൻട്രല്‍ ജയിലിലാണ്. അതുകൊണ്ടുതന്നെ സ്ത്രീധന പീഡന കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങാൻ കഴിയില്ല.

ഈ കേസില്‍ രണ്ടാം പ്രതി സൂരജിന്‍റെ പിതാവ് സുരേന്ദ്ര പണിക്കര്‍, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഉത്രയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിൽ വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിന്‍റെ സാക്ഷി വിസ്താരം ഇതേ കോടതിയില്‍ നടന്നുവരികയാണ്. പ്രതിക്ക് വേണ്ടി അഡ്വ. അനീസ് തങ്ങള്‍കുഞ്ഞ് കോടതിയില്‍ ഹാജരായി.

സ്വത്ത് കൈക്കലാക്കാനാണ് അഞ്ചൽ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്നത്. ഈ കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചെങ്കിലും പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതക കുറ്റം ഒഴികെ ബാക്കിയുള്ള എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്.

പ്രതിക്ക് നാലു ജീവപര്യന്തമാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലചെയ്തതിൽ – 10 വർഷം, തെളിവ് നശിപ്പിക്കലിന് 7 വർഷം, വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 17 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞശേഷം ആദ്യ ജീവപര്യന്തവും അതിനുശേഷം രണ്ടാമത്തെ ജീവപര്യന്തവും അനുഭവിക്കേണ്ടിവരും.