വെടിനിറുത്തല്‍ ആവശ്യപ്പെടില്ലായെന്ന നിലപാടില്‍ ഇന്ത്യ ; ഇസ്രയേലിന്റെ നീക്കത്തിന് പിന്തുണ തുടരും

വെടിനിറുത്തല്‍ ആവശ്യപ്പെടില്ലായെന്ന നിലപാടില്‍ ഇന്ത്യ ; ഇസ്രയേലിന്റെ നീക്കത്തിന് പിന്തുണ തുടരും

ദില്ലി: പശ്ചിമേഷ്യയില്‍ തല്‍ക്കാലം വെടിനിറുത്തല്‍ ആവശ്യപ്പെടില്ലായെന്ന് നിലപാടില്‍ ഇന്ത്യ അതേ സമയം ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. യു എന്‍ സെക്രട്ടറി ജനറലിന്റെ ഇസ്രയേലിനെതിരെയുള്ള നിലപാട് ഇന്ത്യ ഏറ്റെടുക്കുകയില്ല. എന്നാല്‍ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം.

അമേരിക്ക യുഎന്നില്‍ മുംബൈ ആക്രമണം പരാമര്‍ശിച്ചത് നേട്ടമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. കശ്മീരിലെ പാക് നിയന്ത്രിത ഭീകരവാദം ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്നു എന്ന് സര്‍ക്കാര്‍ പറയുന്നു. അതേ സമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തെത്തി. മനുഷ്യത്വം ഉള്ളവര്‍ ഗാസയിലെ ആക്രമണം നിര്‍ത്തുന്നതിനായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. സാധാരണക്കാര്‍ ഏതൊരു സായുധ പോരാട്ടത്തിലും സംരക്ഷിക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ആരും അതീതരല്ലായെന്നും യു എന്‍ തലവന്‍ പ്രതികരിച്ചു.

സിവിലിയന്‍ സംരക്ഷണം എന്നത് നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.