കൊച്ചി: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങളുടെ (ഇ.എസ്.എ) അതിര്‍ത്തി വനമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം. 11 ജില്ലകളിലെ 123 വില്ലേജുകളിലാണ് ഇ.എസ്.എ. അതിര്‍ത്തി നിര്‍ണയിക്കേണ്ടത്. നിലവിലെ ജണ്ടപ്രകാരമുള്ള അതിര്‍ത്തി അടയാളപ്പെടുത്തി നല്‍കാനാണു നിര്‍ദേശം.
പുതിയ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചാല്‍, 10 വര്‍ഷമായി മലയോരമേഖലയില്‍ ഉരുണ്ടുകൂടിയിരുന്ന കുടിയിറക്കുഭീഷണി ഒഴിവാകും. റിപ്പോര്‍ട്ട് ഷേപ് ഫയലാക്കി പരിസ്ഥിതി വകുപ്പിനു െകെമാറും. വനം, റവന്യൂ, പരിസ്ഥിതി വകുപ്പുകള്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം റവന്യൂ സെക്രട്ടറിക്കു നല്‍കും. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനായി ചീഫ് സെക്രട്ടറിക്കു െകെമാറും. നാളെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ അന്തിമയോഗം ചേരും. നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി(എന്‍.ആര്‍.എസ്.എ)യാണു ഷേപ് ഫയല്‍ തയാറാക്കുന്നത്.
123 വില്ലേജുകള്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം 2013 നവംബര്‍ 14 മുതലാണു പ്രാബല്യത്തിലായത്. അതോടെ കൃഷിഭൂമികള്‍ ഉള്‍പ്പെടെ വനാതിര്‍ത്തിക്കുള്ളിലായി. അന്നുമുതല്‍ മലയോരമേഖലകളില്‍ പ്രതിഷേധവും സമരപരിപാടികളും അരങ്ങേറി. റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് ഹര്‍ത്താല്‍ നടന്നു.
കൊട്ടിയൂര്‍ മേഖലയിലുണ്ടായ കലാപത്തില്‍ മൂന്നുകോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെട്ടു. പ്രക്ഷോഭകര്‍ വനംവകുപ്പിന്റെ താമരശേരി റേഞ്ച് ഓഫീസിനു തീയിട്ടു. പിന്നീട്, സര്‍ക്കാരിന്റെ ഉറപ്പില്‍ പ്രക്ഷോഭം നിര്‍ത്തിവയ്ക്കുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ വനംതന്നെ അതിര്‍ത്തിയായി നിശ്ചയിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഖനനം, ക്വാറി, മണല്‍വാരല്‍, താപോര്‍ജനിലയം, 20,000 ചതുരശ്ര മീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റ് നിര്‍മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ ഒന്നരലക്ഷം ചതുരശ്ര മീറ്ററിലേറെ നിര്‍മാണമുള്ളതോ ആയ ടൗണ്‍ഷിപ് അല്ലെങ്കില്‍ മേഖലാവികസനപദ്ധതികള്‍, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങള്‍ എന്നിവയ്ക്കു പരിസ്ഥിതിലോലപ്രദേശത്ത് പൂര്‍ണനിയന്ത്രണമാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത്. ഇതോടെ, 11 ജില്ലകളിലെ 37% പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു വീടുവയ്ക്കാനോ വികസനപ്രവര്‍ത്തനങ്ങള്‍ക്കോ സാധ്യമാകാത്ത അവസ്ഥയാണെന്നു പരാതിയുയര്‍ന്നു.