കോഴിക്കോട്: കളമശ്ശേരി സ്ഫോടനത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമം നടന്നുവെന്നും സത്യം പുറത്തുവരുന്നതിന് മുമ്പ് വ്യാജ പ്രചാരണങ്ങളുണ്ടായെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സർക്കാർ ഉടൻ ഇടപെട്ടത് കൊണ്ട് വർഗീയ പ്രചാരണം തടയാനായെന്നും മാധ്യമങ്ങൾ സൂക്ഷ്മത പാലിക്കണമെന്നും തങ്ങൾ പറഞ്ഞു.

അതേസമയം, സ്‌ഫോടനം കേരളാ പൊലീസും ചില മാധ്യമങ്ങളും ഒരു സമുദായത്തിന്റെ തലയിൽ വെക്കാൻ ശ്രമിച്ചെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. അത് മഹാപാതകമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അപസ്വരമുണ്ടാകുന്നത് തടയാൻ ബാധ്യസ്ഥനായ കേന്ദ്രമന്ത്രി ഒരു സംശയവുമില്ലാതെ ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് ഇന്ത്യയുടെ ദൗർഭാഗ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹമിരിക്കുന്ന സ്ഥാനത്തോട് പ്രതിബദ്ധത കാണിക്കേണ്ടിയിരുന്നുവെന്നും കുറ്റവാളികൾ ഏത് സമുദായമായാലും ജാതിയായാലും ശിക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കി. ബിജെപി അവരുടെ മനസ്സിലിരിപ്പാണ് പ്രകടിപ്പിച്ചതെന്നും പറഞ്ഞു. എം.വി ഗോവിന്ദനും രാജീവ് ചന്ദ്രശേഖറും പറഞ്ഞത് കൂട്ടിക്കുഴക്കുരുതെന്നും തെറ്റ് ചെയ്തവർ കേന്ദ്രമന്ത്രിയായാലും രാഷ്ട്രപതിയായാലും ഏത് രാഷ്ട്രീയക്കാരായാലും കേസെടുക്കണമെന്നും ശിക്ഷിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി ഒതുക്കാൻ ശ്രമിച്ചാൽ യുഡിഎഫ് പ്രതികരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.