പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി'; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർത്ഥികൾ

പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി'; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർത്ഥികൾപാലക്കാട്: ആട്ടയാമ്പതിയിലെ സ്വാശ്രയ കലാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ശുദ്ധമായ കുടിവെള്ളം പോലും ഇല്ലാത്തതിനാൽ പകർച്ചവ്യാധി പടരുന്നു. ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്മെന്‍റ് പ്രതികാര നടപടി എടുക്കുകയാണെന്നും പരാതിയുണ്ട്.

പുഴുക്കൾ കിടന്നു പുളയുന്നത് ഓടയിലെ ചെളിവെള്ളത്തിലല്ല. പാലക്കാട്‌ കൊല്ലങ്കോട് ആട്ടയാമ്പതി സ്നേഹ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള കുടിവെള്ളമാണിത്. ഈ സ്വാശ്രയ കോളേജിൽ ആകെയുള്ളത് 200 അധ്യാപക വിദ്യാർത്ഥികളാണ്. പലവട്ടം പരാതി നൽകി. മാനേജ്മെന്‍റ് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.


"നല്ല ഫീസ് കൊടുത്തിട്ടാണ് ഇവിടെ പഠിക്കാന്‍ തുടങ്ങിയത്. വന്ന അന്നു തൊട്ട് പ്രശ്നങ്ങളാണ്. ഹോസ്റ്റലിലെ ഒരു കുട്ടി ഒഴിച്ച് ബാക്കി എല്ലാവരും ആശുപത്രിയിലായിരുന്നു. എല്ലാവര്‍ക്കും അസുഖം വന്നു. ഹോസ്റ്റല്‍ ഫീസ് വാങ്ങിയിട്ട് റെസീപ്റ്റ് ഒന്നും തരില്ല. പൈസ കൊടുത്ത് ചേര്‍ന്നതിന് ശേഷമാണ് ഇവിടെ ഇങ്ങനെയാണെന്ന് അറിയുന്നത്"- വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

വെള്ളമില്ലാത്തതിനാല്‍ സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയുണ്ടായി. ബാത്ത് റൂമില്‍ പോകാന്‍ പോലും കഴിയുന്നില്ല. ഇവിടെ മാനേജര്‍ വന്നാല്‍ പുറത്തു നിന്നുള്ള വെള്ളമാണ് കുടിക്കുക. പൈസയുണ്ടെങ്കില്‍ നിങ്ങളും പോയി വാങ്ങിക്കുടിച്ചോ എന്നാണ് പറയുന്നത്. രണ്ട് ദിവസം ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ഹോസ്റ്റലിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ചാർജ് ചെയ്യുന്നതിനുള്ള പരിമിത സൗകര്യം അടക്കം പ്രശ്നങ്ങൾ നിരവധി. വൈദ്യുത ചാര്‍ജ് കൂടുമെന്ന് പറഞ്ഞ് മൊബൈല്‍ ചാര്‍ജിങ് സൌകര്യം കട്ട് ചെയ്തെന്നും പരാതിയുണ്ട്. സംഭവത്തിൽ നിലവിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷനിൽ വെച്ചുള്ള സംയുക്ത യോഗത്തിൽ ഒത്തുതീർപ്പാക്കുമെന്നാണ് മാനേജ്മെന്റ് അറിയിച്ചത്.