ബസ് സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ യുവതിയുടെ ഫോണും പണവും തട്ടിയെടുത്ത് വഴിയിൽ ഇറക്കിവിട്ടുബസ് സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ യുവതിയുടെ ഫോണും പണവും തട്ടിയെടുത്ത് വഴിയിൽ ഇറക്കിവിട്ടു


ആലപ്പുഴ: ബസ് സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ് (31) ആണ് പിടിയിലായത്. കഴിഞ്ഞ 21ന് ആണ് സംഭവം.

തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലിചെയ്തിരുന്ന യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. യുവതി വീട്ടില്‍നിന്നു സ്വദേശത്തേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയിൽ സംഭവം. ഈ സമയത്ത് കാറിലെത്തിയ രാജീവ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കയറ്റി. പിന്നിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയശേഷം തിരുവല്ലയിലിറക്കാതെ കാറില്‍ ചുറ്റിയടിച്ചു.


ഇതിനു പിന്നാലെ യുവതിയുടെ മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്ത് ചെങ്ങന്നൂര്‍ ടൗണിലെ ഇടറോഡില്‍ ഇറക്കി വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് രാജീവിനെ തിരിച്ചറിഞ്ഞത്. ഇയാൾ വാടകയ്ക്ക് കാറെടുത്താണ് മോഷണത്തിനു എത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തുനിന്നു പ്രതിയെ വാഹനം സഹിതം പിടികൂടുകയായിരുന്നു. യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ ഒരു കടയില്‍ വിറ്റതായും പൊലീസ് പറയുന്നു.