അതിർത്തിയിൽ പാക് പ്രകോപനം; ഇന്ത്യൻ സൈന്യത്തിന് നേരെ പുലർച്ചെ മൂന്ന് വരെ വെടിവെപ്പ്

അതിർത്തിയിൽ പാക് പ്രകോപനം; ഇന്ത്യൻ സൈന്യത്തിന് നേരെ പുലർച്ചെ മൂന്ന് വരെ വെടിവെപ്പ്


ന്യൂഡൽഹി: ജമ്മു കശ്മീർ അതിർത്തിയിൽ ഇന്ത്യക്ക് നേരെ പാകിസ്താൻ വെടിവെപ്പ്. ഇന്നലെ രാത്രി ആരംഭിച്ച വെടിവെപ്പ് ഇന്ന് പുലർച്ചെ വരെ നീണ്ടതായി ബി.എസ്.എഫ് പി.ആർ.ഒ അറിയിച്ചു. മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സേന തിരിച്ചും വെടിവെപ്പ് നടത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താൻ വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. സംഭവത്തിൽ പാകിസ്താനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.

ഇരു വശത്തും ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. ജമ്മു ആർ.എസ് പുരയിലെ അർനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന ഇന്ത്യൻ പോസ്റ്റിനു നേരെയാണ് അക്രമമുണ്ടായത്. അർണിയ, സുച്ച്ഗഡ്, സിയ, ജബോവൽ, ത്രെവ എന്നീ അഞ്ച് ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയായിരുന്നു പാക് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്.

പാക് വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.