കീവ്: ഒറ്റ ദിവസം കൊണ്ട് യുക്രൈനിലെ ഗ്രാമങ്ങളും പട്ടണങ്ങളുമടക്കം 118 പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തി റഷ്യ. യുക്രൈന്റെ 27 മേഖലകളില്‍ 10 എണ്ണവും റഷ്യയുടെ ആക്രമണത്തിനിരയായതായും ആളുകള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രൈന്‍ ആഭ്യന്തര മന്ത്രി ഇഹോര്‍ കിലിമെങ്കോയാണ് ഇക്കാര്യം അറിയിച്ചത്.
ഡൊണറ്റ്സ്‌കിന്റെ കിഴക്കന്‍ മേഖലയിലുള്ള അവ്ദിവ്കയില്‍ ആഴ്ചകളായി റഷ്യ നടത്തി വന്ന ആക്രമണത്തില്‍ പ്രദേശം ഏറെക്കുറെ തുടച്ചു നീക്കപ്പെട്ട നിലയിലാണ്. 40-ല്‍ അധികം ഷെല്ലാക്രമണമാണ് പ്രദേശവാസികള്‍ക്കു നേരെ കഴിഞ്ഞ ദിവസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രട്ടണം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഫലമായി പ്രദേശം വളയാനും റഷ്യ ശ്രമിക്കുന്നുണ്ട്.
ചൊവ്വാഴ്ച 20 ആക്രമണമാണ് അവ്ദിവ്കയില്‍ മാത്രം നടന്നതെന്ന് യുക്രെയ്ന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വടക്ക്-കിഴക്കന്‍ ഖാര്‍ക്കീവിലുള്ള കുപ്യാന്‍സ്‌കിനും വന്‍തോതിലുള്ള ആക്രമണമാണ് റഷ്യന്‍ സൈന്യം അഴിച്ചുവിട്ടത്. ബാക്മത്തിനു ചുറ്റുമുള്ള പ്രദേശം തിരിച്ചു പിടിക്കുന്നതില്‍ നിന്ന് യുക്രൈന്‍ സേനയെ തടയാനും റഷ്യയുടെ ശ്രമമുണ്ടായി.