കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു, 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ കിന്‍ഫ്രക്ക് സമീപം പള്ളിപ്പടിയില്‍ ആണ് അപകടമുണ്ടായത്.
അപകടത്തില്‍ ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ പള്ളിപ്പടിയില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വീതികുറ‍ഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതിനാല്‍ തന്നെ പലപ്പോഴും റോഡില്‍ അപകടഭീഷണി കൂടുതലാണ്.