ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ):
സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരകസംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് 21 ന് തുടക്കം
ഇരിട്ടി: ഇരിട്ടിമേഖലയിലെകലാ-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെയും കലാ ആസ്വാദക രുടെയും സംസ്കാരിക കൂട്ടായ്മയായ ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരക പ്രഥമ സംസ്ഥാനപ്രൊഫഷണൽ നാടക മത്സരങ്ങൾ നവംമ്പർ 21 മുതൽ 26 വരെ മാടത്തിയിൽ ഇഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സംസ്ഥാനത്തെ പ്രമുഖ നാടക സമിതികളുടെ പ്രസിദ്ധനാടകങ്ങൾ മാറ്റുരക്കുന്ന നാടക മത്സരങ്ങൾ നവം: 21 ന് വൈകിട്ട് 7 മണിക്ക് പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി അധ്യക്ഷയാകും. സിനിമാ താരം കെ.യു. മനോജ്, സിനിമാ നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വിനോദ്കുമാർഎന്നിവർ സംസാരിക്കും. തുടർന്ന് തിരുവനന്തപുരം അജന്ത തിയ്യേറ്റഴ്സ് അവതരിപ്പിക്കുന്ന മൊഴി നാടകം അരങ്ങേറും. രണ്ടാം ദിനം നവം: 22 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഇടം, 23 ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക , 24 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, 25 ന് വടകര കാഴ്ച്ചകമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ശിഷ്ടം എന്നീ നാടകങ്ങളും മത്സരവേദിയിൽ അവതരിപ്പിക്കും.
26 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നസമാപന സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷ നാകും. നാടക സംവിധായകനും സിനിമാ - സീരിയൽ നടനുമായ പയ്യന്നൂർ മുരളി നാടക മത്സര വിജയികൾക്ക് അവാർഡ് കൈമാറും. ബാല നടനുള്ള സംസ്ഥാന ചലചിത്രഅവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചിയെ ചടങ്ങിൽ അനുമോദിക്കും. ചലചിത്ര സംവിധായകൻ അനുരാജ് മനോഹർ, നാടക രചയിതാവ് കെ. സി. ജോർജ് കട്ടപ്പന, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ, നാടക സംവിധായകൻ ജിനോ ജോസഫ് ഉൾപ്പെടെയുള്ള കലാ - സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് രാത്രി 8.30 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന മൂക്കുത്തി നാടകവും അരങ്ങേറും.
നാടക മത്സരത്തിൻ്റെ ഭാഗമായി മികച്ച നാടകത്തിന് ഇരിട്ടി വള്ളിത്തോട് സ്വദേശിയും നാടക - സിനിമാനടനുമായിരുന്ന സെബാസ്റ്റ്യൻ കക്കട്ടിലിൻ്റെ സ്മരണയ്ക്കായുള്ള ഇരുപതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും നൽകും. മികച്ച രണ്ടാമത്തെ നാടകത്തിന് ദാമോദരൻ അഴീക്കോടിൻ്റെ സ്മരണയ്ക്കായുള്ള പതിനഞ്ചായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും നൽകും. മികച്ച രചനയ്ക്ക് നാടക രചയിതാവായിരുന്ന സി.ആർ. മനോജ് സ്മാരക അവാർഡ്, മികച്ച സംവിധായകന് പ്രശസ്ത സംവിധായകൻ അശോകൻ കതിരൂർ സ്മാരക അവാർഡ്, മികച്ച നടനുള്ള അവാർഡ് പ്രമോദ് ചാല സ്മാരക അവാർഡ്, മികച്ച നടിക്ക് കോഴിക്കോട് ശാന്ത ദേവി സ്മാരക പുരസ്ക്കാരം, മികച്ച അരങ്ങൊരുക്കത്തിന് ചന്ദ്രൻ ഗാന്ധാര സ്മാരക പുരസ്കാരവു നൽകും.
എല്ലാ ദിവസവും രാത്രി 7 മണിക്ക് ലഘു സാംസ്ക്കാരിക പരിപാടികളോടെ നാടക മത്സരങ്ങൾ ആരംഭിക്കും. പ്രതിദിന സാംസ്ക്കാരിക പരിപാടികളിൽ ഇരിട്ടി മേഖലയിലെ വിവിധ പ്രതിഭകളെ ആദരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ എം.കെ.മുകുന്ദൻ, ജീവൻ സാജ്, ജോയ് തോമസ്, പി. അബൂബക്കർ, സന്തോഷ് കോയിറ്റി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.