മരണത്തിലേക്ക് പിറന്നു വീഴുന്ന കുരുന്നുകള്‍; അല്‍ഷിഫ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചത് നവജാത ശിശു ഉള്‍പെടെ 22 പേര്‍

മരണത്തിലേക്ക് പിറന്നു വീഴുന്ന കുരുന്നുകള്‍; അല്‍ഷിഫ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചത് നവജാത ശിശു ഉള്‍പെടെ 22 പേര്‍


ഗസ്സ സിറ്റി: മരണത്തിലേക്കാണ് ഗസ്സയിലെ ഓരോ കുരുന്നും ഇപ്പോള്‍ പിറന്നു വീഴുന്നത്. ശ്വാസവായുവും കുടിവെള്ളവും ഉള്‍പെടെ തകര്‍ത്ത് ഇസ്‌റാഈല്‍ നരാധമന്‍മാരുടെ ക്രൂരതയില്‍ ഓരോ നിമിഷവും അവിടെ പിഞ്ചു ജീവനുകള്‍ പിടഞ്ഞു തീരുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച് ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ഗസ്സയിലെ ആശുപത്രികളില്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങുകയാണ് രോഗികള്‍.

 ഇസ്‌റാഈല്‍ അതിക്രമം തുടരുന്ന അല്‍ഷിഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 രോഗികളും ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടു. 51 രോഗികളാണ് പുതുതായി മരിച്ചത്. ഇവരില്‍ ചികിത്സയിലുള്ള നിരവധി കുഞ്ഞുങ്ങളും ഉള്‍പ്പെടും. 70 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെയും ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ബാക്കിയുള്ള രോഗികള്‍ കടുത്ത ആരോഗ്യപ്രശ്‌നം നേരിടുകയാണ്. രോഗികളും അഭയാര്‍ഥികളുമടക്കം 7000ത്തോളം പേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ അയ്യായിരത്തിലധികവും കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലും മറ്റുമായി കിടക്കുന്ന ആയിരങ്ങളുടെ മൃതദേഹങ്ങള്‍ കൂടി ചേരുമ്പോള്‍ മരണം പതിനയ്യായിരം മറികടക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞിട്ടും ഗസ്സയിലെ മാനുഷിക ദുരന്തം തടയാന്‍ അന്തര്‍ദേശീയ ഇടപെടല്‍ ഇനിയും ഫലം കണ്ടിട്ടില്ല. ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാന്‍ വൈകരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഇസ്‌റാഈലിന്റെ യുദ്ധകുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും രംഗത്തെത്തി. ഗസ്സയിലെ ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ പറഞ്ഞു. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ ഭക്ഷ്യവസ്തു വിതരണം നടക്കുന്നില്ല.

അതേസമയം, അല്‍ഷിഫയില്‍ തുടരുന്ന പരിശോധന കുറച്ചുനാളുകള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് ഇസ് റാഈല്‍ സൈന്യം അറിയിക്കുന്നത്. കെട്ടിടത്തിനടിയില്‍ സൈന്യം തുരങ്ക കവാടം കണ്ടെത്തിയതായി അവകാശപ്പെട്ട് നെതന്യാഹു വിഡിയോ പുറത്തുവിട്ടു. ആശുപത്രി വളപ്പില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും സേന പറയുന്നു. എന്നാല്‍, വെറും കള്ളപ്രചാരണം മാത്രമാണിതെന്നാണ് ഹമാസിന്റെ വിശദീകരണം. എന്നാല്‍ ബന്ദികളെ ആശുപത്രിയുടെ ഭൂഗര്‍ഭ അറയില്‍ താമസിപ്പിച്ചുവെന്നതിന് തെളിവൊന്നും ഇല്ലെന്നാണ് ഇസ്‌റാഈല്‍ ഇപ്പോള്‍ പറയുന്നത്.

വടക്കന്‍ ഗസ്സക്കു പിന്നാലെ തെക്കു ഭാഗത്തും ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ, ഹമാസിന്റെ തിരിച്ചടിയും ശക്തമായി തുടരുന്നുണ്ട്. ഒന്‍പത് സൈനികരെ കൊലപ്പെടുത്തിയെന്നും നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും ഹമാസ് സൈനിക വിഭാഗം അറിയിച്ചു. കെട്ടിടത്തില്‍ സ്‌ഫോടനം നടത്തിയാണ് ഒന്‍പത് പേരെ വധിച്ചത്.

പ്രതീക്ഷിച്ചതിനപ്പുറം സൈനികരെ കൊലയ്ക്ക് കൊടുക്കേണ്ടി വരുമെന്നാണ് ഇസ്‌റാഈലിന് ഹമാസിന്റെ മുന്നറിയിപ്പ്. ലബനാനില്‍ നിന്ന് ഹിസ്ബുല്ലയുടെ ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണവും തുടരുകയാണ്.