ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകൾ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന് ടെലികോം വകുപ്പ്

ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകൾ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന് ടെലികോം വകുപ്പ്

                                                     

മൊബൈല്‍ നമ്ബറുകളുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്ബര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍.

ഉപഭോക്താവിന്റെ ആവശ്യാനുസരണമോ, ഉപയോഗമില്ലാത്തതിന്റെ പേരിലോ വിച്ഛേദിക്കപ്പെട്ട മൊബൈല്‍ നമ്ബറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന ഉറപ്പു കൂടിയാണ് ടെലികോം വകുപ്പ് നല്‍കുന്നത്. 

45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് വാട്സാപ്പും അറിയിച്ചു. മൊബൈല്‍ നമ്ബറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച്‌ 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സൻജീവ്‌ ഖന്നയും എസ് വി എൻ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്ബറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

വാട്സാപ്പ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ, ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്ബറിലുള്ള വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതിലുള്ള ഫയലുകള്‍ മാറ്റാമെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.

വിച്ഛേദിക്കപ്പെടുന്ന മൊബൈല്‍ നമ്ബറുകള്‍, വാട്സാപ്പ് നിരീക്ഷിക്കുമെന്നും, 45 ദിവസങ്ങള്‍ക്കു മുകളില്‍ ആക്റ്റീവ് അല്ലാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നും, അതിലെ ഫയലുകള്‍ ഒഴിവാക്കുമെന്നും വാട്സാപ്പ് കോടതിയെ അറിയിച്ചു. ടെലികോം വകുപ്പിനും വാട്സാപ്പിനും ഹര്‍ജിക്കാരനും പറയാനുള്ളത് മുഴുവൻ രേഖപ്പെടുത്തിയ കോടതി 2021 ല്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി തള്ളി.