മംഗളൂരു ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് കുട്ടികളെയും അജ്ഞാതന്‍ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. ഉഡുപ്പി മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെജ്ജര്‍ തൃപ്തി നഗറിലാണ് സംഭവം നടന്നത്. തൃപ്തി നഗര്‍ സ്വദേശിനിയായ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയ്‌നാസ്(21), അസീം(14) എന്നിവരാണ് കൊല്ലപ്പെട്ടത്.
ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയിരുന്ന പ്രദേശത്ത് രാവിലെ 9ന് ആയിരുന്നു അക്രമ സംഭവം അരങ്ങേറിയത്. മുഖംമൂടി ധരിച്ച് വീട്ടിലേക്ക് ഓടിക്കയറിയ അക്രമി മാതാവിനെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ കൊലയാളി വീടിനുള്ളില്‍ കടന്ന ശേഷം ഹസീനയെയും രണ്ട് മക്കളെയും ആക്രമിച്ചു.
ഇവരുടെ നിലവിളി കേട്ട് പുറത്ത് നിന്ന് ഓടിയെത്തിയ ഇളയ കുട്ടി അസീമിനെയും അക്രമി കുത്തി വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃ മാതാവിനും ആക്രമണത്തില്‍ പരിക്കേറ്റു. ഹസീനയെയും കുട്ടികളെയും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഭര്‍തൃ മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലയാളി കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി മാല്‍പെ പൊലീസ് അറിയിച്ചു. കൊലയാളിയെ കുറിച്ചോ കൊലപാതകത്തിന്റെ കാരണത്തെ കുറിച്ചോ ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.