കലാശപോരാട്ടത്തിന് കച്ചകെട്ടി ഇന്ത്യയും ഓസീസും; ക്രിക്കറ്റ് ലോകകപ്പ് വിജയികളെ ഇന്നറിയാം

കലാശപോരാട്ടത്തിന് കച്ചകെട്ടി ഇന്ത്യയും ഓസീസും; ക്രിക്കറ്റ് ലോകകപ്പ് വിജയികളെ ഇന്നറിയാം

അഹമ്മദാബാദ്: മൂന്നാം കിരീടം തേടി ഇന്ത്യയും ആറാം കിരീടം തേടി ഓസ്‌ട്രേലിയയും ഇന്ന് നേർക്ക് നേർ കലാശപോരാട്ടത്തിനിറങ്ങും. 2003 ഫൈനലിൽ ഓസ്‌ട്രേലിയക്ക് മുന്നിൽ കൈവിട്ട കിരീടം തിരിച്ച് പിടിച്ച് ഒരു മധുര പ്രതികാരമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത് ശര്‍മ്മക്കും സംഘത്തിനും അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോടിക്കണക്കിനുള്ള ഇന്ത്യൻ ആരാധകർ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പുരുഷ ലോകകപ്പ് ഫൈനൽ മത്സരം നടക്കുക.

2003 ഫൈനലിലേറ്റ തോല്‍വിക്ക് കൃത്യം 20 വര്‍ഷത്തിന് ശേഷം കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോൾ ലോകകപ്പിലെ നേർക്കുനേർ മത്സരങ്ങളുടെ കണക്കില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന 13 മത്സരങ്ങളിൽ ഓസീസിനായിരുന്നു എട്ടിലും ജയം. ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പിൽ ആദ്യം ഏറ്റുമുട്ടിയത് 1983ലാണ്. അന്നും പിന്നീട് നേർക്കുനേർ വന്ന 1987ലും ഓരോ മത്സരം ജയിച്ച് തുല്യത പാലിച്ചു. എന്നാല്‍ 1992 മുതൽ 2003വരെ നാല് ലോകകപ്പുകളിലായി അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ സമ്പൂര്‍ണ ജയവുമായി ഓസീസ് സമഗ്രാധിപത്യം കാട്ടി. 2011 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ധോണിയുടെ ടീം ഓസീസിനോട് മധുരപ്രതികാരം ചെയ്തു. എന്നാല്‍ അടുത്ത സെമിയിൽ ഇന്ത്യക്ക് പുറത്തേക്ക് വഴി കാണിച്ച് ഓസീസ് പകരംചോദിച്ചു. എന്നാൽ ഈ ലോകകപ്പിൽ ഇന്ത്യക്കൊപ്പമായിരുന്നു ജയം. ഇനി കലാശപോരാട്ടമാണ്. അടി ആരുടേതായിരിക്കുമെന്നാണ് അറിയാനുള്ളത്.

ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.

ഇരു ടീമുകളും സെമിയിലെ അതേ പ്ലേയിംഗ് ഇലവനുകളെ ഫൈനൽ മത്സരത്തിലും നിലനിര്‍ത്താനാണ് സാധ്യത. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച ഫോമിലുള്ള ഇന്ത്യക്ക് കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസവും കൂട്ടുണ്ട്. രോഹിതും ഗില്ലും കോഹ്‌ലിയും രാഹുലും ശ്രേയസും ഉൾപ്പെട്ട ബാറ്റിംഗ് നിര അപാര ഫോമിലാണ് ഉള്ളത്. ബാറ്റിംഗിനെ വെല്ലുന്ന ബൗളിംഗ് നിറയും സൂപ്പർ ഫോമിലാണ്. ഹീറോ ഷമിയും ബുംറയും കുൽദീപും ജഡേജയും ഫോം തുടർന്നാൽ ഇന്ത്യ കപ്പുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ നിസാരമാക്കാവുന്ന ഒന്നല്ല ഓസ്ട്രേലിയൻ പട. ഒറ്റക്ക് നിന്ന് പൊരുതി ടീമിനെ ജയിപ്പിക്കാൻ ശേഷിയുള്ള മാക്‌സ്‌വെല്ലിനെപ്പോലുള്ള മാച്ച് വിന്ന‌ർമാരുടെ പട തന്നെ അവർക്കൊപ്പമുണ്ട്. ഓൾറൗണ്ടർ മിച്ചൽ മാർഷ്, ബാറ്റർമാരായ ഡേവിഡ് വാർണർ,​ സ്‌റ്റീവ് സ്മിത്ത്, ആൾറൗണ്ടർ ട്രാവിസ് ഹെഡ്ഡ്,​ പേസർമാരായ​ മിച്ചൽ സ്റ്റാർക്ക്,​ പാറ്റ് കമ്മിൻസ്, ഹേസൽവുഡ്,​ സ്പിന്നർ ആദം സാംപ എന്നിങ്ങനെ എല്ലാവരും തൊട്ടാൽ കൈപൊള്ളുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനലിൽ തീപാറുമെന്ന് പറയാം.

ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കലാശപ്പോരിന് ടോസ് വീഴും. രണ്ട് മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം. 10 വര്‍ഷത്തെ ലോകകപ്പ് കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ അഹമ്മദാബാദ് ഇറങ്ങുന്നത്. 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം ഇന്ത്യ അവസാനമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത്.