സാമ്പത്തിക തട്ടിപ്പ്: രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികൾ ജീവനൊടുക്കിയതായി റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ്: രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികൾ ജീവനൊടുക്കിയതായി റിപ്പോർട്ട്ആ​ഗ്ര: രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികൾ ആശ്രമത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. 32 വയസുകാരിയായ ശിഖ, 38 വയസുകാരിയായ ഏക്ത എന്നീ സന്യാസിനികൾ ആത്മഹത്യ ചെയ്തത്. സഹോദരിമാരായ ഇവർ ആഗ്രയിലെ ജാഗ്നർ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിലെ അന്തേവാസികളായിരുന്നു. സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടക്കുന്നു എന്നാരോപിച്ചാണ് സന്യാസിനികൾ ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആ​ഗ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൗണ്ട് അബുവിലെ സ്വകാര്യ കമ്പിനിയിൽ ജോലി ചെയ്യുന്ന നീരജ് സിംഗാൾ, പിതാവ് താരാചന്ദ്ര്, ബ്രഹ്മകുമാരീസിന്റെ ഗ്വാളിയോറിലെ ആശ്രമത്തിലെ അന്തേവാസിയായ പൂനം എന്ന സ്ത്രീ എന്നിവരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാഗ്നറിൽ ആശ്രമം സ്ഥാപിച്ച പ്രതികൾ ആശ്രമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേര് പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. മുഖ്യപ്രതിയും പിതാവും ആത്മഹത്യ ചെയ്ത സന്യാസിനികളുടെ ബന്ധുക്കളുമാണ്. ആഗ്ര ആശ്രമത്തിലെ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത 25 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് ആത്മഹത്യ ചെയ്ത സഹോദരിമാർ ആരോപിച്ചിരുന്നത്.

കേസിലെ പ്രതികൾ ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇതേതുടർന്നുള്ള ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ മൂടിവയ്ക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുൻപ് യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ സഹോദരിമാർ സൂചിപ്പിക്കുന്നു.ആശ്രമത്തിൽ നിന്ന് പ്രതികൾ വഞ്ചിച്ചുനേടിയെടുത്ത പണം ആശ്രമത്തിലുള്ളവർക്ക് തിരിച്ചുകൊടുക്കണമെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും ആത്മഹത്യാകുറിപ്പിൽ സഹോദരിമാർ ആവശ്യപ്പെട്ടു. താരാചന്ദ്രും പൂനവും പിടിയിലായെന്നും നീരജിനായി തെരച്ചിൽ നടക്കുകയാണെന്നും ആഗ്ര പൊലീസ് അറിയിച്ചു.