പ്ലാൻ എയും ബിയുമെല്ലാം വിഫലം, ടണലിൽ വിള്ളൽ, അനിശ്ചിതത്വം, ഡ്രില്ലിങ് നിർത്തുന്നു; മുകളിൽനിന്ന് പാതയൊരുക്കും


പ്ലാൻ എയും ബിയുമെല്ലാം വിഫലം, ടണലിൽ വിള്ളൽ, അനിശ്ചിതത്വം, ഡ്രില്ലിങ് നിർത്തുന്നു; മുകളിൽനിന്ന് പാതയൊരുക്കും


ദില്ലി: ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ദൗത്യം നീളുമെന്ന സൂചന നല്തി വിദഗ്ധര്‍. തൊഴിലാളികൾക്ക് ചെറിയ പാതയുണ്ടാക്കാനുള്ള നിലവിലെ പദ്ധതി പ്രതിസന്ധിയിലായതോടെ തുരങ്കത്തിൻറെ മുകളിൽ നിന്ന് താഴേക്ക് കുഴിക്കാനാണ് നീക്കം.  തൊഴിലാളികളെ പുറത്തെത്തിക്കാൻ സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങൾ വിമർശിച്ചു. ഇതിനിടെ, ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യവും പ്രതിസന്ധിയിലായി. ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ടണലിനകത്തെ ഡ്രില്ലിങ് ഉപേക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള നടപടിയും ആരംഭിച്ചു.


ഇതിനുമുന്നോടിയായി മലമുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി തുടങ്ങി. സിൽക്യാര ടണലിൽ 41 തൊഴിലാളികള് കുടുങ്ങി ഒരാഴ്ച്ചയോടടുക്കുമ്പോഴും രക്ഷാദൗത്യം ദുഷ്ക്കരമായി തുടരുകയാണ്.  പ്ളാൻ എയും ബിയുമെല്ലാം മാറി മാറി പരീക്ഷിച്ചിട്ടും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നടത്തേക്കെത്താൻ ദൌത്യ സംഘത്തിനായില്ല. ദില്ലിയിൽ നിന്നെത്തിച്ച അമേരിക്കൻ നിർമ്മിത ഒാഗർ ഡ്രില്ലിംങ് മെഷീനും പണിമുടക്കിയതോടെ പുതിയ ഡ്രില്ലിങ് മെഷീൻ ഇൻർോറിൽ നിന്ന് കൊണ്ടു വന്നു. ഇത്  പ്രവർത്തിക്കാനുളള കാത്തിരിപ്പിലാണ് ദൗത്യ സംഘം. സമാന്തരമായി പുതിയ മാർഗ്ഗം കൂടി തേടാനാണ് തീരുുമാനം. തുരങ്കത്തിന്  മുകളിൽ നിന്നും താഴേക്ക് പാതയുണ്ടാക്കാൻ മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി. മറ്റൊരു ദൗത്യം തുരങ്കത്തിന്‍റെ മറുഭാഗത്ത് നിന്നും തുടങ്ങാനും ആലോചനയുണ്ട്. ദൗത്യം നാലു ദിവസം കൂടി നീണ്ടേക്കുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രിയുടെ മുൻ ഉപദേശ്ടാവ് ഭാസ്കർ ഖുൽബെ വ്യക്തമാക്കി. ദൗത്യം വരുന്ന ദിവസങ്ങളിൽ ശുഭകരമായി അവസാനിക്കും, ഇതിന് നാലോ അഞ്ചോ ദിവസത്തെ കാത്തിരിപ്പ് കൂടി മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.


ഡ്രില്ലിങ് തുടരുന്നതിടെയുണ്ടാകുന്ന പ്രകമ്പനം തുരങ്കത്തിൽ വിളളൽ വീഴ്ത്തിയതായാണ് റിപ്പോർട്ടുകള്‍.  പ്രത്യേക പെപ്പിലൂടെ എത്തുന്ന ഭക്ഷണവും വെളളവും എത്തിക്കുന്നതും തുടരുകയാണ്. ദൗത്യം നീളുമെന്നുറപ്പായതോടെ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉയരുകയാണ്. സർക്കാരും കമ്പനിയും കാര്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് തൊഴിലാളികളുടെ  കുടുംബാംഗങ്ങള് രംഗത്തെത്തി. സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ല, രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണ് നൽകുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആവശ്യത്തിന്  മരുന്നുകള് എത്തിച്ചു നൽകുന്നതായും തൊഴിലാളികള് സുരക്ഷിതരെന്നും ആവർത്തിക്കുകയാണ്  ഉത്തരാഖണ്ഡ് സർക്കാർ.