ആരിഫ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍

ആരിഫ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.

ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. എന്നാല്‍, ഈ അധികാരം നല്‍കുന്ന അനുച്ഛേദത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.

ഗവര്‍ണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.