വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗരാസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.
സാഹിത്യ പൈതൃകം കണക്കിലെടുത്താണ് അംഗീകാരം. ഇതോടെ ഒന്നര വര്‍ഷമായുള്ള കോര്‍പറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ, കില മുന്നോട്ടുവച്ച നിര്‍ദേശവുമായി കോര്‍പറേഷന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. ചെക് റിപബ്ലികിലെ പ്രാഗ് യൂനിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014).
പ്രാഗ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട്ട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉള്ളതായി അവര്‍ കണ്ടെത്തിയിരുന്നു. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് നിരവധി പുസ്തകോത്സവങ്ങള്‍ നടത്തുന്നതും നഗരത്തെ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി.
പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കേരളത്തിന് അഭിമാനമായി കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.