വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ ഒന്നേകാൽ ഏക്കർ സ്ഥലം ദാനം നൽകി കേളകത്തെ തങ്കച്ചനും കുടുംബവും

വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ ഒന്നേകാൽ ഏക്കർ സ്ഥലം ദാനം നൽകി കേളകത്തെ തങ്കച്ചനും കുടുംബവും



കുടുംബസ്വത്തായി കൈമാറിക്കിട്ടിയ സ്ഥലം സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കായി ദാനം നൽകുകയാണ്‌ മനുഷ്യ സ്നേഹിയായ കണ്ണൂർ കേളകത്തെ കെ ജെ തങ്കച്ചൻ. സർക്കാർജോലിയിൽനിന്ന്‌ വിരമിച്ച്‌ കൃഷിയും രാഷ്‌ട്രീയപ്രവർത്തനവുമായി കഴിയുന്നതിനിടെയാണ്‌ ലൈഫ്‌ ‘മനസ്സോടിത്തിരി മണ്ണ്‌’ പദ്ധതിയിലേക്ക്‌ ഒന്നേകാൽ ഏക്കർ സ്ഥലം കൈമാറാൻ തങ്കച്ചനും ഭാര്യ മേഴ്‌സി മാത്യുവും തീരുമാനിച്ചത്‌.

ഒരേക്കർ സ്ഥലം തട്ടുകളാക്കി 15 പേർക്ക്‌ വീടും അതിലേക്ക്‌ വഴിയുമൊരുക്കും. 15 സെന്റിൽ വിനോദ–-വിജ്ഞാനകേന്ദ്രവും. 10 സെന്റിൽ പച്ചത്തുരുത്തുമുണ്ടാകും . വ്യക്തമായ പ്ലാനോടെയാണ്‌ തങ്കച്ചൻ ഭൂമി നൽകുന്നത്‌.

ഭൂമിയില്ലാത്ത നിരവധിപ്പേർ കേളകം പഞ്ചായത്തിന്റെ ലൈഫ്‌ ഗുണഭോക്തൃ പട്ടികയിലുണ്ട്‌. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ഡെപ്യൂട്ടി രജിസ്‌ട്രാറായാണ്‌ തങ്കച്ചൻ വിരമിച്ചത്‌. ഭാര്യ മേഴ്‌സി മാത്യു മോറാഴ ഗവ. യുപി സ്കൂളിൽ അധ്യാപികയായിരുന്നു.

സിപി എം ബക്കളം ലോക്കലിലെ പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ച് അംഗങ്ങളാണ് ഇരുവരും. ബക്കളത്ത്‌ താമസിച്ചിരുന്ന ഇവർ വിരമിച്ചശേഷം കോളയാട്‌ പതിനഞ്ച്‌ സെന്റ്‌ സ്ഥലംവാങ്ങി വീടുവച്ച്‌ താമസിക്കുകയാണ്‌.

ഒന്നേകാൽ ഏക്കറിൽ കശുമാവ്‌ തൈകൾ നട്ടു. ഇപ്പോൾ ഒരു ക്വിന്റലോളം കശുവണ്ടി ലഭിക്കുന്നുണ്ട്‌. നഴ്‌സായ മകൾ റീഷ ജോസഫ്‌ കുടുംബത്തോടൊപ്പം ദുബായിലാണ്‌. മകൻ റിനീസ്‌ ജോസഫ്‌ എംടെക്‌ പഠനത്തിനായി ഓസ്‌ട്രേലിയയിലും.

ഞായറാഴ്‌ച പകൽ മൂന്നിന്‌ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ കലക്ടർ അരുൺ കെ വിജയൻ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങും. ലൈഫ് ഭവനപദ്ധതിയിൽ കേളകം പഞ്ചായത്ത് നിർമിച്ച 30 വീടുകളുടെ താക്കോൽദാനവും ആ ചടങ്ങിൽ നടക്കും.

Visit website