
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തന്റെ പരാമർശം വളച്ചൊടിച്ചെന്ന് കെ സുധാകരൻ പറഞ്ഞു. വിവാദം സിപിഐഎമ്മിനെ വെള്ളപൂശാൻ. കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഇ.ടി മുഹമ്മദ് ബഷീറുമായും സംസാരിച്ചെന്നും കെ സുധാകരൻ അറിയിച്ചു.
തന്റെ പ്രസ്താവന മുസ്ലീം ലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്ത നല്‍കി. സിപിഎമ്മിന് അനുകൂല രാഷ്‌ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാര്‍ത്ത. അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് താന്‍.
വളച്ചൊടിച്ച വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്‌ട്രീയമെന്താണെന്ന് കൃത്യമായ ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.