ജേഷ്ഠാ ഞാന്‍ ഇതിനുള്ളില്‍ പെട്ടിരിക്കുകയാണെന്ന് അമ്മയോട് പറയരുത്'' ; തുരങ്കത്തില്‍ കുടുങ്ങിയ അനുജന്‍ സഹോദരനോട്

ജേഷ്ഠാ ഞാന്‍ ഇതിനുള്ളില്‍ പെട്ടിരിക്കുകയാണെന്ന് അമ്മയോട് പറയരുത്'' ; തുരങ്കത്തില്‍ കുടുങ്ങിയ അനുജന്‍ സഹോദരനോട്


ഉത്തരകാശി: ''ജേഷ്ഠാ ഞാന്‍ ഇതിനുള്ളില്‍ പെട്ടിരിക്കുകയാണെന്ന് അമ്മയോട് പറയരുത്.'' രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിയ സഹോദരനോട് ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ പുഷ്‌ക്കറുമായി സഹോദരന്‍ വിക്രം സിംഗ് സംസാരിച്ചപ്പോള്‍ സഹോദരന്‍ ആദ്യം ആവശ്യപ്പെട്ടത് ഇങ്ങിനെയായിരുന്നു. ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ ഞായറാഴ്ച കുടുങ്ങിപ്പോയ ആള്‍ക്കാരില്‍ ഒരാളാണ് പുഷ്‌ക്കര്‍

തുരങ്കത്തില്‍ കുടുങ്ങിപ്പോയവരുമായി 150 മണിക്കൂറിന് ശേഷം പൈപ്പിലൂടെ ആശയവിനിമയം സ്ഥാപിച്ചപ്പോഴായിരുന്നു വിക്രം സിംഗിനോട് പുഷ്‌ക്കറിന്റെ ആവശ്യം. തകര്‍ന്ന അവശിഷ്ടങ്ങള്‍ തുരന്നുകയറ്റിയ പൈപ്പിലൂടെ അവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കി. സത്യം പറഞ്ഞാല്‍ അമ്മ വിഷമിക്കരുതെന്നായിരുന്നു പുഷ്‌ക്കറിന്റെ ആദ്യ ചിന്തപോയതെന്നും വിക്രം പറയുന്നു. 25 കാരനായ വിക്രം സിംഗും കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്.

വായുവോ വെട്ടമോ ഇല്ലാത്ത ഗുഹയില്‍ ആറു ദിവസമായി ഇതില്‍ കുരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ക്ഷീണിച്ച് അവശനായും ശ്വാസതടസ്സം നേരിട്ടുമാണ് പുഷ്‌ക്കറിന്റെ സംസാരം. ചമ്പാവത്ത് ജില്ലയിലെ ചാനിഗോത്ത് ഗ്രാമവാസിയാണ് വിക്രമും പുഷ്‌ക്കറും. വെള്ളിയാഴ്ചയായിരുന്നു സഹോദരനുമായി സംസാരിക്കന്‍ വിക്രത്തിന് ചെറിയ അവസരം കിട്ടിയത്. ഏതാനും സെക്കന്റുകള്‍ മാത്രമാണ് സംസാരിക്കാന്‍ കിട്ടിയതെന്നും അപ്പോഴേയ്ക്കും അവന്റെ വേദന അമ്മയെ ഓര്‍ത്തായിരുന്നെന്നും വിക്രത്തിന്റെ സഹോദരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കിട്ടിയ സമയം തൊട്ട് താന്‍ സഹോദരന്റെ ആരോഗ്യവിവരം ചോദിക്കുകയും പുറത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അറിയിച്ചതായും പറഞ്ഞു.

ഉത്തരാഖണ്ഡ് റോഡ്‌വേയ്‌സില്‍ ഹെല്‍പ്പറാണ് വിക്രം. വിവരം അറിഞ്ഞയുടന്‍ വീട്ടില്‍ ആരോടും പറയാതെ താന്‍ ഉത്തരകാശിക്ക് പോരുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത ടെലിവിഷനില്‍ കണ്ട അയല്‍ക്കാര്‍ അത് വന്ന് മാതാപിതാക്കളോട് പറയുകയും അവര്‍ക്ക് അത് വലിയ ഷോക്കായി മാറുകയും ചെയ്തു. വിവരമറിഞ്ഞ് അമ്മ വിഷമിക്കുകയാണെന്ന് പുഷ്‌ക്കറിനോടും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വിക്രം പറയുന്നു. 41 പേരാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിട്ടുള്ളത്.