ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം. നിര്‍ത്തിവെച്ച കുന്നിടിക്കല്‍ വീണ്ടും തുടങ്ങിയിരിക്കേ മണ്ണെടുക്കാന്‍ വരുന്ന ടിപ്പറുകള്‍ തടയാനാണ് നാട്ടുകാര്‍. സമരസമതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കി. വിവിധ പാര്‍ട്ടികളില്‍ പെട്ടവരാണ് സമരവുമായി എത്തിയിരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുമ്പോള്‍ തന്നെ പുലര്‍ച്ചെ മുതല്‍ കുന്നിടിക്കല്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ്. തഹസില്‍ദാര്‍ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന നിലപാടിലാണ് അധികൃതര്‍. അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് സമരത്തിന്റെ കാര്യത്തില്‍ തങ്ങളെല്ലാം ഒന്നാണെന്നാണ് ഇവര്‍ പറയുന്നത്. മണ്ണുമായി കുന്നിറങ്ങി വരുന്ന ലോറികള്‍ തടയുമെന്ന നിലയിലാണ് നാട്ടുകാര്‍. പാലമേല്‍ പഞ്ചായത്തില്‍ നാല് കുന്നുകളാണ് തുരക്കുന്നത്.
മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളി കുന്നാണ് ആദ്യമായി തുരക്കുന്നത്. കുന്നിടിക്കുന്നതിനെതിരേ വെള്ളിയാഴ്ച നാട്ടുകാരുടെ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. അതേസമയം പ്രതിഷേധമുണ്ടായാല്‍ അതിനെ തടയാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയാണ് അധികാരികളുടെയും നില്‍പ്പ്. 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ദേശീയപാതാ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ഈ കുന്നിടിച്ചില്‍ നടത്തിയത്.