കൊച്ചിയില്‍ മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രമിച്ചെന്ന് ആരോപണം. അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ കേസില്‍ കൗണ്‍സിലര്‍ റിമി സാമ്പനെ പോക്‌സോ കേസില്‍ രണ്ടാം പ്രതിയാക്കി.കുട്ടി പരാതി പറഞ്ഞിട്ടും കൗണ്‍സിലര്‍ വിവരം മൂടിവച്ചതിനെ തുടര്‍ന്നാണ് റിമിയേയും കേസില്‍ പ്രതിയാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാന്‍ നിയമിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍ ആണ് വിവരം മൂടിവെച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റോഷ്‌നി പദ്ധതിയിലെ കൗണ്‍സിലര്‍ ആണ് പീഡന വിവരം മൂടിവെച്ചത്. അതേസമയം അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 


മൂന്നാം ക്ലാസില്‍ പഠിക്കുന്ന അസം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ വച്ച് ഉപദ്രവിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ട് എന്ന് അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഒരുമാസം ആകുമ്പോഴും പ്രതി ഒളിവില്‍ ആണെന്നാണ് അമ്പലമുകള്‍ പോലീസ് പറയുന്നത്. പോക്‌സോ കേസില്‍ പ്രതിയായിട്ടും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.