കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കൈയാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കൈയാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍


കോഴിക്കോട് നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എന്‍ടിയു നേതാവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റില്‍. കാക്കൂര്‍ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഷാജി സ്റ്റാഫ് മീറ്റിങ്ങിനിടെ കയറി ചെല്ലുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍ത്തെങ്കിലും സുപ്രീന വിവരം പൊലിസിന് കൈമാറിയിരുന്നു.

ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം നടന്നത്. പിന്നാലെ സ്‌കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മര്‍ദ്ദിക്കുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.