ആൾക്കൂട്ട മർദ്ദനം ഭയന്നോടിയ ഡ്രൈവർ ട്രെയിനിടിച്ച് മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ ആൾക്കൂട്ട മർദ്ദനം ഭയന്ന് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
പന്ന്യന്നൂർ മനേക്കര സ്വദേശി കെ ജിജിത്ത് ആണ് മരിച്ചത്. ഡിസംബർ 21 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.