കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി 61 കാരി മോളി ജോയാണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം.
ജോയ്‌ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നുപേർ.
ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.
ഒക്ടോബർ 29നാണ് കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം, ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും.