എസ്ബിഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരില്‍ തട്ടിപ്പ്;തലശ്ശേരിയിൽ വയോധികന് 25000 രൂപ നഷ്ടമായി
തലശ്ശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. ബാങ്കില്‍ നിന്നും അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ടെക്സ്റ്റ് മെസേജ് അയച്ചത്. എസ്ബിഐ യോനോ ആപ്പ് ബ്ലോക്കായിരിക്കുകയാണ്. പാന്‍ കാര്‍ഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
സന്ദേശത്തില്‍ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലുടന്‍ എസ്ബിഐയുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റ് ഓപ്പണായി വരും. യൂസര്‍ ഐഡിയും പാസ്സ്വേര്‍ഡും അടിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷനെന്ന പേരില്‍ ഒടിപി കൂടി നല്‍കുന്നതിലൂടെയാണ് പണം നഷ്ടപ്പെടുന്നതെന്ന് പൊലിസ് അറിയിച്ചു. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പൊലീസ് വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ പരാതി റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു