ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ളാസ നിർമിച്ച് ഒരുസംഘം ഒന്നരവർഷംകൊണ്ട് പിരിച്ചെടുത്തത് 75 കോടി രൂപ

ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ളാസ നിർമിച്ച് ഒരുസംഘം ഒന്നരവർഷംകൊണ്ട് പിരിച്ചെടുത്തത് 75 കോടി രൂപഅഹമ്മദാബാദ്: ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ളാസ നിർമിച്ച് ഒരുസംഘം ഒന്നരവർഷംകൊണ്ട് പിരിച്ചെടുത്തത് 75 കോടി രൂപ. സ്വാധീനശക്തിയുള്ള പ്രതികളെ പേടിച്ച് ഔദ്യോഗിക ടോൾപ്ളാസ അധികാരികൾ പരാതി നൽകിയില്ല. സംഭവം വിവാദമായതോടെ അഞ്ചാളുടെപേരിൽ കേസെടുത്തു.

അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻ.എച്ച്. എട്ട് എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്. പ്രവർത്തിക്കാതെ കിടന്ന ഒരു ടൈൽ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനുപയോഗിച്ചത്. മോർബിയിൽനിന്ന്‌ വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ ചുരുങ്ങിയ ടോൾ വാങ്ങി ഇതുവഴി കടത്തിവിട്ടു. തിരിച്ചുള്ള വാഹനങ്ങളെ വഘാസിയ ഗ്രാമത്തിലൂടെയാണ് വിട്ടത്. രണ്ടുസ്ഥലത്തും അനധികൃതമായി ടോൾ ഗേറ്റുകളുണ്ടാക്കി.

വഘാസിയയിൽ ഔദ്യോഗിക ടോൾ ഗേറ്റിൽ 110-600 രൂപ നിരക്കാണ് വിവിധവാഹനങ്ങളിൽനിന്ന് ഈടാക്കിയത്. വ്യാജരാകട്ടെ, 20-200 രൂപ നിരക്കിലാണ് ഗതാഗതം അനുവദിച്ചത്. വാഹനങ്ങളെ വ്യാജ ഗേറ്റിലേക്ക് ആകർഷിക്കാൻ കൂലിക്കാരെയും ദേശീയപാതയിൽ നിയോഗിച്ചിരുന്നു. പതിവ് ട്രക്കുകാരൊക്കെ നിരക്ക് കുറവായ വ്യാജഗേറ്റ് ഉപയോഗിച്ചു. ടൈൽ വ്യവസായത്തിന്റെ കേന്ദ്രമായ മോർബിയിൽനിന്ന്‌ കച്ചിലെ തുറമുഖങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ട്രക്കുകളാണ് പോയിരുന്നത്.

സംഭവത്തെപ്പറ്റി ജില്ലാ കളക്ടർക്ക് നേരത്തേ പരാതി നൽകിയിരുന്നെന്ന് ‘ഒറിജിനൽ’ ടോൾ ഗേറ്റുകാർ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നാണ് ജില്ലാ അധികൃതരും പോലീസും പറയുന്നത്. സമാന്തരപാതയിൽ വലിയ ട്രക്കുകൾ കടക്കാതെ റൂഫ് ബാരിയർ വെക്കാനുള്ള ശ്രമം ഗ്രാമീണരുടെ സഹായത്തോടെ നേരത്തെ പ്രതികൾ വിഫലമാക്കിയിരുന്നു.

വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമർഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേർ പോലീസ് കേസെടുത്തത്. ഈ ഫാക്ടറിയുടെ സ്ഥലത്താണ് ഒരുഗേറ്റും ദേശീയപാതയിലേക്ക് അനുബന്ധ റോഡും നിർമിച്ചത്. പ്രമുഖ വ്യവസായിയും പട്ടേൽ സമാജത്തിന്റെ ക്ഷേത്രമായ ഉമിയാധാം സിദസർ ട്രസ്റ്റ് പ്രസിഡന്റുമായ ജെറാം പട്ടേലിന്റെ മകനുമാണ് അമർഷി. ഫാക്ടറി പൂട്ടിയതിനാൽ മകൻ സ്ഥലം പാട്ടത്തിന് നൽകിയിരുന്നെന്നും ടോൾഗേറ്റുമായി ബന്ധമില്ലെന്നും ഇദ്ദേഹം പറയുന്നു. വഘാസിയ ഗ്രാമത്തിന്റെ സർപഞ്ചായ ധർമേന്ദ്രസിങ് ഝാലയാണ് മറ്റൊരു പ്രതി. ഇദ്ദേഹത്തിന്റെ ഭാര്യ റിയാബ താലൂക്ക് പഞ്ചായത്തിലെ ബി.ജെ.പി. ഭരണസമിതിയുടെ മുൻ പ്രസിഡന്റുമാണ്.

പ്രതികൾക്കെതിരെ പരാതി നൽകാൻ ടോൾപ്ലാസയുടെ യഥാർഥ കരാറുകാർ തയ്യാറാകാത്തതിനാൽ പോലീസ് നേരിട്ട് കേസെടുത്തിരിക്കുകയാണ്. എങ്കിലും അധികാരികളുടെ അറിവില്ലാതെ ഇത്തരം തട്ടിപ്പ് നടക്കില്ലെന്നാണ് ആരോപണം. തട്ടിപ്പുകാരെ പിടികൂടുമെന്ന് മന്ത്രിസഭാ വക്താവ് ഋഷികേശ് പട്ടേൽ അറിയിച്ചിട്ടുണ്ട്. ദാഹോഡ് ജില്ലയിൽ വ്യജ സർക്കാർ ഓഫീസുകൾ വഴി ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനും സംഘവും 18.5 കോടിരൂപ അടിച്ചുമാറ്റിയ സംഭവത്തിന് പിന്നാലെയാണ് വ്യാജ ടോൾഗേറ്റ് സംഭവം ഗുജറാത്ത് സർക്കാരിന് നാണക്കേടായത്.