ഇന്ത്യയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍; കണക്കുകള്‍

ഇന്ത്യയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍; കണക്കുകള്‍


ഡല്‍ഹി: രാജ്യത്തെ ഗാര്‍ഹിക പീഡന കേസുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതലും കേരളത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്‍സിആര്‍ബിയുടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ വര്‍ഷം 473 ഗാര്‍ഹിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 376 കേസുകളും കേരളത്തിലാണെന്നാണ് കണക്കുകള്‍ പറയുന്നത്.

അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്. രണ്ടാമതുള്ള ജാര്‍ഖണ്ഡില്‍ 67 കേസുകളും മധ്യപ്രദേശില്‍ 10 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രജസിറ്റര്‍ ചെയ്യുന്ന കേസുകള്‍ കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നല്‍കാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദര്‍ക്ക് അഭിപ്രായമുണ്ട്.

കേരളത്തിലെ ഗാര്‍ഹിഗ പീഡന കണക്കുകള്‍ കൂടുന്നതിന് കാരണം സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദര്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഇത്തരത്തിലുള്ള മരണത്തില്‍ കുറവുള്ളതും ഇതുകൊണ്ടാണെന്നും അഭിപ്രായമുണ്ട്. സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പതിനെട്ടാം സ്ഥാനത്താണ് കേരളം. 2022 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 12 കേസുകളാണ്. ഒന്നാം സ്ഥാനത്തുളള ഉത്തര്‍പ്രദേശില്‍ 2138 ഉം ബിഹാറില്‍ 1057 സ്ത്രീധന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.