തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ച

തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ചകണ്ണൂർ: തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ച. ചിറക്കര  വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ കവർന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകൾ തമ്മിൽ ഒരു മതിൽ ദൂരം മാത്രമേ ഉള്ളൂ. കിണറിനോടുചേർന്നുള്ള വാതിൽ വഴിയാണ് കള്ളന്മാർ വീടിന് അകത്ത് കയറിയത്.

അലമാരയിൽ കവറിൽ പൊതിഞ്ഞു വെച്ച നാലര ലക്ഷം രൂപ മോഷ്ടിച്ചു. പക്ഷെ താഴെ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കള്ളന്മാർ കണ്ടില്ല. വൈകിട്ട് ജോലി കഴിഞ്ഞ് നവാസും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് തകർന്ന വാതിൽ ശ്രദ്ധിച്ചത്. ഇവരുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. സമീപത്ത് സിസിടിവി ഇല്ലാത്തത് പ്രതിസന്ധിയായേക്കുമെന്നും പോലീസ് പറയുന്നു.