മുസ്ലിം വിശ്വാസികള്‍ക്ക് നിസ്‌കരിക്കാനുള്ള ഇടവേള രാജ്യസഭ റദ്ദാക്കി; എല്ലാ മതങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ സഭയിലുണ്ടെന്ന് സഭാദ്ധ്യക്ഷന്‍; പ്രതിഷേധിച്ച് അംഗങ്ങള്‍

മുസ്ലിം വിശ്വാസികള്‍ക്ക് നിസ്‌കരിക്കാനുള്ള ഇടവേള രാജ്യസഭ റദ്ദാക്കി; എല്ലാ മതങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ സഭയിലുണ്ടെന്ന് സഭാദ്ധ്യക്ഷന്‍; പ്രതിഷേധിച്ച് അംഗങ്ങള്‍രാജ്യസഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് നല്‍കിവന്നിരുന്ന ഇടവേള പിന്‍വലിച്ച് സഭാദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. ഇനി മുതലുള്ള വെള്ളിയാഴ്ച്ചകളില്‍ അരമണിക്കൂര്‍ ഇടവേള ഉണ്ടായിരിക്കില്ലെന്നും ഉച്ചയ്ക്ക് കൃത്യം രണ്ടിന് തന്നെ സഭ ആരംഭിക്കുമെന്നും അദേഹം അറിയിച്ചു.

ഇസ്ലാം മതവിശ്വാസികളായ അംഗങ്ങള്‍ക്ക് നിസ്‌കരിക്കാനായി രാജ്യസഭയില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് അര മണിക്കൂര്‍ അധിക ഇടവേള അനുവദിച്ചിരുന്നു. ഇത് ഇനിയുള്ള വെള്ളിയാഴ്ചകളില്‍ ഉണ്ടായിരിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.

നേരത്തേ വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് രാജ്യസഭ സമ്മേളിച്ചിരുന്നത്. കഴിഞ്ഞയാഴ്ച പകല്‍ രണ്ടിനു ചേരാന്‍ അജന്‍ഡ തയ്യാറാക്കി. ഇതേപ്പറ്റി ഡിഎംകെ അംഗം തിരുച്ചി എന്‍ ശിവ ശ്രദ്ധക്ഷണിച്ചപ്പോഴാണ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ഇടവേള ഇനി ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയത്.

പാര്‍ലമെന്റില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള അംഗങ്ങളുണ്ടെന്നും മുസ്ലീം പാര്‍ലമെന്റേറിയന്‍മാര്‍ക്ക് മാത്രമായി ഒരു പ്രത്യേക സമയവും പദവിയും ഉണ്ടാകില്ലെന്നും ദന്‍ഖര്‍ പറഞ്ഞു. ലോക്സഭയിലേത് പോലുള്ള സമയക്രമമായിരിക്കും ഇനി രാജ്യസഭയിലേതുമെന്ന് അദേഹം അംഗങ്ങളെ ഓര്‍മപ്പെടുത്തി. എന്നാല്‍, ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിലെും ഡിഎംകെയിലെയും ത്രിണമൂല്‍ കോണ്‍ഗ്രസിലെയും ചില അംങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.