പൂപ്പാറയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കേസ്: മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവ്

പൂപ്പാറയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കേസ്: മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവ്ദേവികുളം: പൂപ്പാറയില്‍ പതിനാറുകാരിയായ ബംഗാള്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച് ദേവികുളം അതിവേഗ കോടതി. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷാ കാലയളവ് 25 വര്‍ഷം ഒരുമിച്ച അനുഭവിക്കണം. പുറമേ 40,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി തടവ് അനുഭവിക്കണം.

പൂപ്പാറ സ്വദേശി ശ്യാം, തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. കേസില്‍ ആറ് പേരാണ് പ്രതികളായിരുന്നത്. രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ വിചാരണ ജുവനൈല്‍ നിയമപ്രകാരം നടക്കുകയാണ്. ഒരാളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
[IMG]
2022 മേയ് 29നാണ് ബംഗാള്‍ സ്വദേശിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുമായി തേയിലത്തോട്ടത്തില്‍ വന്ന പെണ്‍കുട്ടിയെ, സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം കൂട്ടബിലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയതും വിവരം പോലീസിനെ അറിയിച്ചതും.

തന്നെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവരേയും അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ വിചാരണയും നടന്നുവരികയാണ്.