ഹമാസുമായി ഏറ്റുമുട്ടല്‍;ഇസ്രയേലിന്റെ 24 സൈനികര്‍ കൊല്ലപ്പെട്ടുl

ഹമാസുമായി ഏറ്റുമുട്ടല്‍;ഇസ്രയേലിന്റെ 24 സൈനികര്‍ കൊല്ലപ്പെട്ടുഗാസയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ 24 സൈനികര്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടു. ഒക്ടോബറില്‍ കരയുദ്ധം തുടങ്ങിയശേഷം ഇത്രയധികം സൈനികര്‍ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈ സംഭവമുണ്ടായി മണിക്കൂറുകള്‍ക്കകം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരം വളഞ്ഞ് ആക്രമണം ശക്തമാക്കിയതായി ഇസ്രയേല്‍ അറിയിച്ചു.

സൈനികരുടെ ടാങ്കിനടുത്തും അവര്‍ തകര്‍ക്കാന്‍ ശ്രമിച്ച കെട്ടിടങ്ങളിലും ഗ്രനേഡ് പതിച്ചാണ് 24 പേര്‍ മരിച്ചതെന്ന് സേനാവക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. മരിച്ചവരില്‍ 21 പേര്‍ കരുതല്‍സേനാംഗങ്ങളാണ്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയശേഷം ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം ഇതോടെ 217 ആയി.

സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനുമേല്‍ പൂര്‍ണവിജയം നേടുംവരെ ആക്രമണവുമായി മുന്നോട്ടുപോകുമെന്നും ഗാസയിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിമോചനം ചര്‍ച്ചചെയ്യാന്‍ വൈറ്റ്ഹൗസിന്റെ പശ്ചിമേഷ്യാകാര്യ കോ-ഓര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗര്‍ക്ക് ഈജിപ്തും ഖത്തറും സന്ദര്‍ശിക്കുന്‌പോഴാണ് ഗാസയിലെ സാഹചര്യം വഷളായത്. ബന്ദിമോചനത്തിനായി രണ്ടുമാസത്തെ താത്കാലിക യുദ്ധവിരാമമെന്ന നിര്‍ദേശം ഇസ്രയേല്‍ മുന്നോട്ടുവെച്ചിരുന്നു.

സൈനികരുടെ മരണത്തിലുള്ള പ്രതികാരമെന്നനിലയില്‍ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒട്ടേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റെഡ് ക്രെസന്റ് ആസ്ഥാനത്തും ആക്രമണമുണ്ടായി. കെട്ടിടത്തിന്റെ പരിസരത്ത് അഭയംതേടിയവര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 25,490 ആയി.

അതിനിടെ, ഇസ്രയേലിസേനാകേന്ദ്രത്തിനുനേരേ മിസൈലുകളയച്ചെന്ന് ലെബനനിലെ ഹിസ്ബുള്ള അവകാശപ്പെട്ടു.